മുഖ്യമന്ത്രി മലർന്നു കിടന്നു തുപ്പരുതെന്ന് വി. മുരളീധരൻ


ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരനും തമ്മിലുള്ള വാക്ക്പോര് കടുക്കുന്നു. മുഖ്യമന്ത്രി മലർന്നുകിടന്ന് തുപ്പരുതെന്നും ഈ സമയത്ത് രാഷ്ട്രീയം കളിക്കരുതെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ എടുക്കുന്ന പല തീരുമാനങ്ങളും മുരളീധരൻ അറിയുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് അദ്ദേഹത്തിന്‍റെ ഈ പ്രതികരണം.

കേന്ദ്രത്തിൽ ഓരോ വകുപ്പിലേയും തീരുമാനങ്ങൾ ബന്ധപ്പെട്ട വകുപ്പിലെ മന്ത്രിമാർ തന്നെയാണ് എടുക്കുന്നത്. എന്തറിയുന്നു, എന്തറിയുന്നില്ല എന്നതു സംബന്ധിച്ച് മുഖ്യമന്ത്രി കരുതുംപോലെയല്ല കാര്യങ്ങൾ. കേരളസർക്കാരിന്‍റെ ശൈലിയല്ല കേന്ദ്രത്തിന്‍റേതെന്ന് പിണറായി മനസിലാക്കണം. സർക്കാർ പ്രവാസികളോട് ഉത്തരവാദിത്തം കാണിക്കണമെന്നും അവരെ പെരുവഴിലാക്കരുതെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
കേരളത്തിലേക്ക് കൂടുതൽ വിമാനങ്ങൾ അയയ്ക്കാൻ ഞങ്ങൾ തയാറാണ്. എന്നാൽ മടങ്ങിയെത്തുന്നവർ പെരുവഴിയിലാകുന്ന സ്ഥിതിയുണ്ടാകരുത്. സർക്കാർ സംവിധാനങ്ങൾ അപര്യാപ്തമാണെന്ന് വ്യക്തമാണ്. കേന്ദ്ര മാനദണ്ധങ്ങൾ പാലിച്ച് സംസ്ഥാന സർക്കാർ കാര്യക്ഷമമായി ക്വാറന്‍റൈൻ കേന്ദ്രങ്ങൾ തുടങ്ങിയാൽ കൂടുതൽ വിമാനസർവീസുകൾ നടത്താൻ തയാറാണെന്നും മുരളീധരൻ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed