മാഗ്നസ് കാൾസൻ ലോക ചെസ് കിരീടം നിലനിർത്തി


ലണ്ടൻ : ലോക ഒന്നാംനമ്പർതാരം നോർവേയുടെ മാഗ്നസ് കാൾസൻ ലോക ചെസ് കിരീടം നിലനിർത്തി. നിശ്ചിത 12 ഗെയിമുകളിലെ സമനിലയ്ക്കു ശേഷം നടന്ന ടൈബ്രേക്കറിൽ തുടർച്ചയായി 3 ഗെയിമുകൾ വിജയിച്ച് ഫാബിയാനോയെ കാൾസൻ പരാജയപ്പെടുത്തുകയായിരുന്നു. കാൾസൻ വ്യക്തമായ ലീഡെടുത്തതോടെ (3–0) ടൈബ്രേക്കറില നാലാം ഗെയിം വേണ്ടിവന്നില്ല. 2013ൽ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദിനെ തോൽപ്പിച്ച് കീരീടം സ്വന്തമാക്കിയ മാഗ്നസ് പിന്നീട് ആനന്ദിനെയും സെർജി കര്യാക്കിനെയും തോൽപ്പിച്ച് കിരീടം നിലനിർത്തിയിരുന്നു.

ഫാബിയാനോ ക്ലാസിക്കൽ ഗെയിമുകളിൽ ഒപ്പത്തിനൊപ്പം പോരാടി 12 ഗെയിമുകളും സമനിലയാക്കിയിരുന്നു. എന്നാൽ ടൈബ്രേക്കറിലെ വേഗ ചെസിൽ കാൾസന്റെ മേധാവിത്തത്തിന് ഒപ്പം നിൽക്കാൻ ഫാബിയാനോയ്ക്ക് കഴിഞ്ഞില്ല. ബെർലിനിൽ നടന്ന ലോക ചാംപ്യൻഷിപ്പ് കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ കരുത്തരായ 7 എതിരാളികളെ ഒരു പോയിന്റ് വ്യത്യാസത്തിൽ മറികടന്നാണ് കരുവാന ഫൈനലിനു യോഗ്യത നേടിയത്.

1990ലെ കാസ്പറോവ്–കാർപോവ് പോരാട്ടത്തിനുശേഷം ആദ്യമായാണ് ലോക ഒന്നാം നമ്പർതാരവും രണ്ടാംനമ്പർ താരവും ലോക ചാംപ്യൻഷിപ്പ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഇരുപത്തേഴുകാരനായ മാഗ്നസ് 2011മുതൽ ലോക റാങ്കിങ്ങിൽ ഒന്നാമതാണ്. 2013 ആനന്ദിനെതിരെ നേടിയ വിജയത്തിനു ശേഷം ആദ്യമായാണ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഒറ്റമൽസരവും തോൽക്കാതെ മാഗ്നസ് കിരീടം നേടുന്നത്.

You might also like

Most Viewed