ഇന്ത്യയ്ക്കെതിരായ ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് 550 റൺസ് വിജയലക്ഷ്യം


ഗോൾ : ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആതിഥേയരായ ശ്രീലങ്കയ്ക്ക് 550 റൺസ് വിജയലക്ഷ്യം. മൂന്നിന് 189 റൺസ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ, 240 റൺസിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ക്യാപ്റ്റൻ വിരാട് കോഹ്‍ലി 17–ാം സെഞ്ചുറി പൂർത്തിയാക്കിയതിനു പിന്നാലെയാണ് ഇന്ത്യ ഇന്നിങ്സ് അവസാനിപ്പിച്ചത്. 136 പന്തിൽ അഞ്ചു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 103 റൺസെടുത്ത കോഹ്‍ലിയും 18 പന്തിൽ രണ്ടു ബൗണ്ടറിയുൾപ്പെടെ 23 റൺസെടുത്ത ഉപനായകൻ അജിങ്ക്യ രഹാനെയും പുറത്താകാതെ നിന്നു. ഈ വേദിയിൽ നാലാം ഇന്നിങ്സിൽ ഒരു ടീം പിന്തുടർന്ന് ജയിച്ചിട്ടുള്ള ഉയർന്ന സ്കോർ 99 മാത്രമാണ്.

309 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയിട്ടും ശ്രീലങ്കയെ ഫോളോഓൺ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ, മൂന്നാം ദിനം കളി നിർത്തുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് എന്ന നിലയിലായിരുന്നു. മൂന്നാം വിക്കറ്റിൽ 133 റൺസ് കൂട്ടിച്ചേർത്ത അഭിനവ് മുകുന്ദ്–വിരാട് കോഹ്‍ലി സഖ്യമാണ് മൂന്നാം ദിവസത്തെ കളി ഇന്ത്യയ്ക്ക് അനുകൂലമായത്. 116 പന്തിൽ എട്ടു ബൗണ്ടറികൾ ഉൾപ്പെടെ 81 റൺസെടുത്ത മുകുന്ദിനെ ഗുണതിലക പുറത്താക്കിയതോടെ അംപയർമാർ മൂന്നാം ദിനത്തിലെ കളി അവസാനിപ്പിച്ചു. ശിഖർ ധവാൻ (14 പന്തിൽ 14), ചേതേശ്വർ പൂജാര (35 പന്തിൽ 15) എന്നിവരാണ് മൂന്നാം ദിനം പുറത്തായ ഇന്ത്യൻ താരങ്ങൾ. ദിൽറുവാൻ പെരേര, ലഹിരു കുമാര എന്നിവർക്കാണ് വിക്കറ്റ്.

നേരത്തെ, ഇന്ത്യയുടെ 600 എന്ന കൂറ്റൻ സ്കോറിനെ പിന്തുടർന്നിറങ്ങിയ ലങ്ക മൂന്നാം ദിനം ഉച്ചഭക്ഷണത്തിനു തൊട്ടുപിന്നാലെ 291 റൺസിന് ഓൾഔട്ടായി. ലഞ്ചിനു പിരിയുമ്പോൾ 77 ഓവറിൽ എട്ടിന് 289 എന്ന നിലയിലായിരുന്നു അവർ. ലങ്കൻ നിരയിൽ ഏഴാമനായിറങ്ങിയ ദിൽറുവാൻ പെരേര, കന്നി ടെസ്റ്റ് സെഞ്ചുറിക്ക് എട്ടു റൺസ് മാത്രം അകലെ നിൽക്കെ ലങ്ക ഓൾഔട്ടായി. 132 പന്തിൽ 10 ബൗണ്ടറിയും നാലു സിക്സും ഉൾപ്പെടെയാണ് പെരേര 92 റൺസെടുത്തത്. പരുക്കേറ്റ ഗുണരത്നെ ലങ്കൻ നിരയിൽ ബാറ്റിങ്ങിന് ഇറങ്ങിയില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed