കോവളം എംഎൽഎ എം.വിൻസെന്റ് എംഎൽഎ സ്ഥാനം ഒഴിയില്ല
തിരുവനന്തപുരം : അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസിൽ അറസ്റ്റിലായ കോവളം എംഎൽഎ എം.വിൻസെന്റ് എംഎൽഎ സ്ഥാനം ഒഴിയില്ല. രാജി ആവശ്യപ്പെട്ട് എൽഡിഎഫ് പ്രക്ഷോഭത്തിന് ഒരുങ്ങിക്കഴിഞ്ഞു. അതേസമയം, രാജി വേണ്ടെന്ന് തീരുമാനിച്ചെങ്കിലും പാർട്ടിയിൽ നിന്നുതന്നെ മറുനിലപാട് ഉയർന്നത് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണന്നാണ് കോൺഗ്രസിന്റ നിലപാട്. സമാനമായ കേസുകളിൽപ്പെട്ടപ്പോൾ ഇടതുപക്ഷത്തുണ്ടായിരുന്ന എ.കെ. ശശീന്ദ്രനും ജോസ് തെറ്റയിലും പി.ജെ. ജോസഫും രാജി വച്ചില്ലല്ലോ എന്ന മറുവാദമാണ് കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്നത്. രാജിവച്ചാൽ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചുവരികയെന്നതും മുന്നണിയെ സംബന്ധിച്ച് എളുപ്പമാകില്ല. എം.വിൻസെന്റ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് മഹിള കോൺഗ്രസ് നേതാക്കൾ പരസ്യമായി ആവശ്യപ്പെട്ടിരുന്നു.
വനിതകൾക്ക് അവരുടെ അഭിപ്രായം പറയാൻ അവകാശമുണ്ടെന്നായിരുന്നു കെപിസിസി പ്രസിഡന്റ് എം.എം. ഹസന്റെ പ്രതികരണം. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സ്ത്രീസുരക്ഷയ്ക്കായി നിലപാടെടുക്കുകയും വിൻസന്റിന്റെ കാര്യത്തിൽ മറിച്ചൊരു നിലപാട് സ്വീകരിക്കുകയും ചെയ്യുന്നത് പാർട്ടിയുടെ പ്രതിഛായയ്ക്ക് മങ്ങലേൽപിക്കുമെന്ന് ചിന്തിക്കുന്നവരും ഉണ്ട്. ചൊവ്വാഴ്ച ചേരുന്ന യുഡിഎഫ് യോഗം വിൻസന്റിന്റെ അറസ്റ്റ് ചർച്ച ചെയ്യും. രാജി ആവശ്യപ്പെട്ട് എൽഡിഎഫ് തിങ്കളാഴ്ച സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും.

