സൗദിയിൽ ഇഖാമയില്ലാത്തവരെ സഹായിച്ചാൽ ഇനി കടുത്ത ശിക്ഷ
റിയാദ്: ഇഖാമയില്ലാതെ രാജ്യത്ത് താമസിക്കുന്നവരെയും അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരെയും സഹായിച്ചാൽ കടുത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു ലക്ഷം റിയാൽ വരെ പിഴയും രണ്ട് വർഷം വരെ തടവും ശിക്ഷയായി ലഭിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം വക്താവ് അറിയിച്ചത്. അനധികൃത താമസക്കാർക്കാർക്ക് ജോലിയോ, താമസ സൗകര്യമോ, യാത്രാ സംവിധാനങ്ങളോ ഒരുക്കിക്കൊടുക്കാൻ പാടില്ല. വിദേശകളാണ് ഇത്തരത്തിൽ സഹായങ്ങൾ നൽകുന്നതെങ്കിൽ ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്തും. നിയമലംഘകർക്ക് യാത്രാ സൗകര്യമൊരുക്കുന്ന വാഹനങ്ങളും പിടിച്ചെടുക്കും. ഇഖാമ നിയമ ലംഘകരെയോ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരെയോ കണ്ടെത്തിയാൽ അക്കാര്യം സുരക്ഷാ വകുപ്പുകളെ അറിയിക്കണം. ഇത്തരക്കാരെ രാജ്യത്തുനിന്ന് പൂർണമായി ഒഴിവാക്കുന്ന നടപടിയിൽ സ്വദേശികൾക്കും പ്രവാസികൾക്കും സുപ്രധാന പങ്കുവഹിക്കാനുണ്ടെന്നും അധികൃതർ ഓർമിപ്പിച്ചു.
