സ്വദേശിവത്കരണം; സൗദിയിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന
റിയാദ്: ചില്ലറ മൊത്ത വ്യാപാര മേഖലയിലെ സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി തലസ്ഥാന നഗരിയ റിയാദിൽ മാനവ വിഭവശേഷിമന്ത്രാലയം പരിശോധന ആരംഭിച്ചു. ഷോപ്പുകളിലും, മാർകറ്റുകളിലുമടക്കം റിയാദിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിലാണ് മന്ത്രാലയം പരിശോധനകൾ നടത്തികൊണ്ടിരിക്കുന്നത്.
ഹിജ്റ വർഷാരംഭം മുതൽ ഒന്പത് ചില്ലറ മൊത്ത മേഖലകളിലെ വ്യാപാരസ്ഥാപനങ്ങളിൽ 70 ശതമാനം സ്വദേശിവൽക്കരണം പ്രാബല്യത്തിൽ വന്നതിന് പിറകെയാണ്, റിയാദ് സിറ്റിയിലെ ഷോപ്പുകളിലും മാർക്കറ്റുകളിലും, മറ്റ് വ്യാപാര സ്ഥാപനങ്ങളിലും മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥർ പരിശോധനകൾ തുടങ്ങിയത്.
ഇന്നലെ വൈകുന്നേരം മുതൽ റിയാദ് പൊലീസിന്റെ സഹായത്തോടെ 168 ഷോപ്പുകളിൽ പരിശോധനകൾ നടത്തിയതായി മാനവ വിഭവ ശേഷിമന്ത്രാലയം റിയാദ് ബ്രാഞ്ച് മാനേജർ മുഹമ്മദ് ഹർബി വ്യക്തമാക്കി. ഏഴ് നിയമ ലംഘനങ്ങൾ ഉൾപ്പെടെ, 111 മുന്നറിയിപ്പ് നോട്ടീസ് നൽകിയതായും മുഹമ്മദ് ഹർബി അറിയിച്ചു.

