പത്ത് ലക്ഷം റിയാൽ കൈക്കൂലി വാങ്ങുന്നതിനിടെ സൗദിയിൽ ഉന്നത ഉദ്യോഗസ്ഥൻ പിടിയിൽ

റിയാദ് : കൈക്കൂലി കേസിൽ പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതായി അറ്റോർണി ജനറൽ ശൈഖ് സൗദ് അൽ മുഅജബ് അറിയിച്ചു. സൗദിയിലെ സ്വകാര്യ കന്പനിയുമായി പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ സംശയകരമായ സാന്പത്തിക ഇടപാട് നടത്തുന്നതിന് ശ്രമിക്കുന്നതായി പ്രതിരോധ മന്ത്രാലയം ബന്ധപ്പെട്ട സുരക്ഷാ വകുപ്പുകളെ അറിയിക്കുകയായിരുന്നു.
പദ്ധതി നടപ്പാക്കിയ വകയിൽ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് ഈ കന്പനിക്ക് ലഭിക്കുന്നതിനുള്ള വിഹിതം വിതരണം ചെയ്യുന്നത് എളുപ്പത്തിലും വേഗത്തിലുമാക്കുന്നതിന് സ്വന്തം അധികാരം ദുരുപയോഗിച്ച് ഉദ്യോഗസ്ഥൻ നിയമ വിരുദ്ധമായി ശ്രമിക്കുന്നതായി അന്വേഷണത്തിൽ വ്യക്തമായി. ഇതനുസരിച്ച് തയ്യാറാക്കിയ പദ്ധതി പ്രകാരം പത്തു ലക്ഷം റിയാൽ കൈക്കൂലി സ്വീകരിക്കുന്നതിനിടെ ഉദ്യോഗസ്ഥനെ ബന്ധപ്പെട്ട വകുപ്പുകൾ കൈയൊടെ പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യലിൽ ഉദ്യോഗസ്ഥൻ കുറ്റസമ്മതം നടത്തി. മറ്റു രണ്ടു പേർ കൂടി കേസിൽ ഉൾപ്പെട്ടതായും ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റു പ്രതികളെയും അറസ്റ്റ് ചെയ്തു. ദേശീയ താൽപര്യത്തേക്കാൾ ഉപരി വ്യക്തിതാൽപര്യങ്ങൾക്ക് മുൻ തൂക്കം നൽകുകയും വിശ്വാസ വഞ്ചന നടത്തുകയുംചെയ്ത പ്രതികൾ മഹാപാതകമാണ് ചെയ്തത്. രാജ്യത്തിന്റെആർജിത നേട്ടങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും പബ്ലിക് പ്രോസിക്യൂഷൻ സ്വീകരിക്കും.
പൊതുമുതൽ കവരുകയും അധികാര ദുർവിനിയോഗം നടത്തുകയും വ്യക്തി താൽപര്യങ്ങൾക്ക് മുന്തൂക്കം നൽകി അഴിമതികൾ നടത്തുകയും ചെയ്യുന്ന മുഴുവൻ പേരെയും കണ്ടെത്തി നീതിപീഠത്തിനു മുന്നിൽ ഹാജരാക്കും.