ഇറാൻ ബോട്ടുകളുടെ അതിർത്തി ലംഘനം : സൗദി പ്രതിഷേധം അറിയിച്ചു

റിയാദ് : ഇറാൻ ബോട്ടുകൾ സൗദിയുടെ ജലാതിർത്തി ആവർത്തിച്ച് ലംഘിക്കുന്നതിൽ സൗദി അറേബ്യ ഐക്യരാഷ്ട്ര സഭയെ രേഖാമൂലം പ്രതിഷേധം അറിയിച്ചു. 1968 ഒക്ടോബർ 24ന് സൗദി അറേബ്യയും ഇറാനും ഒപ്പുവെച്ച കരാറിന്റെ ഭാഗമായി നിർണയിച്ച സമുദ്രാതിർത്തി പ്രകാരം അറേബ്യൻ ഉൾക്കടലിൽ സൗദി ജലാതിർത്തിയിൽ പെട്ട എണ്ണപ്പാടങ്ങളും പെട്രോൾ പന്പിംഗ് പ്ലാറ്റ്ഫോമുകളും പ്രവർത്തിക്കുന്ന നിരോധിത മേഖലയിലാണ് ഇറാൻ ബോട്ടുകൾ ആവർത്തിച്ച് പ്രവേശിക്കുന്നത്.
ജലാതിർത്തി ലംഘനം ഇറാൻ അവസാനിപ്പിക്കണം. ജലാതിർത്തി ലംഘനത്തിൽ ഇറാനെയും യു.എൻ സെക്രട്ടറി ജനറലിനെയും പലതവണ രേഖാമൂലം പ്രതിഷേധം അറിയിച്ചിട്ടും സൗദി ജലാതിർത്തിയിലും എണ്ണപ്പാടങ്ങൾക്കു സമീപത്തെ നിരോധിത പ്രദേശങ്ങളിലും ഇറാൻ ബോട്ടുകൾ അതിക്രമിച്ചുകയറുന്നത് വർദ്ധിച്ചിരിക്കുകയാണെന്ന് യു.എന്നിലെ സൗദി സ്ഥിരം പ്രതിനിധി അംബാസഡർ അബ്ദുല്ല അൽ മുഅല്ലിമി പറഞ്ഞു.
2016 നവംബർ 17, ജൂൺ 16, 2017 ഒക്ടോബർ 27, 2017 ഡിസംബർ 21 തീയതികളിൽ ഇറാൻ ബോട്ടുകൾ സൗദി ജലാതിർത്തിയിൽ എണ്ണപ്പാടങ്ങൾക്കു സമീപത്തെ നിരോധിത പ്രദേശങ്ങളിൽ അതിക്രമിച്ചു പ്രവേശിച്ചു. ഇത്തരം അതിക്രമങ്ങളും നിയമ ലംഘനങ്ങളും മൂലം ഉടലെടുക്കുന്ന ഏതു പ്രശ്നത്തിന്റെയും പൂർണ ഉത്തരവാദിത്തം ഇറാനായിരിക്കും. സൗദി അറേബ്യ നൽകിയ പ്രതിഷേധക്കുറിപ്പ് യു.എൻ രേഖയെന്നോണം മുഴുവൻ അംഗ രാജ്യങ്ങൾക്കും വിതരണം ചെയ്യണമെന്നും സമുദ്ര നിയമ മാസികയുടെ അടുത്ത പതിപ്പിൽ പ്രസിദ്ധീകരിക്കണമെന്നും ഐക്യാരാഷ്ട്ര സഭ സെക്രട്ടറി ജനറലിനോട് അംബാസഡർ അബ്ദുല്ല അൽ മുഅല്ലിമി ആവശ്യപ്പെട്ടു.