സൗദിയിൽ പ്രതിദിനം ജോലി നഷ്ടമാകുന്ന പ്രവാസി വനിതകളുടെ എണ്ണം 266

റിയാദ് : സൗദി അറേബ്യയിൽ പ്രതിദിനം 266 പ്രവാസി വനിതകൾക്ക് തൊഴിൽ നഷ്ടമാകുന്നതായി റിപ്പോർട്ട്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിറ്റിക്സ് (ഗാസ്റ്റാറ്റ്) നടത്തിയ സർവ്വേയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഈ വർഷം ആദ്യ പാദ കണക്കുകൾ പ്രകാരം പ്രതിമാസം 7,966 വിദേശ വനിതകൾ പുറത്തായി. സ്വകാര്യ, പൊതുമേഖലകളിൽ നിന്നായി ഈ വർഷം ആദ്യ നാല് മാസത്തിനിടെ 2.34 ലക്ഷം വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. പൊതു, സ്വകാര്യ മേഖലകളിലായി കഴിഞ്ഞവർഷം അവസാനപാദത്തിൽ 1,04,20,000 വിദേശ തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിൽ ഈ വർഷം ആദ്യ പാദത്തിൽ അത് 1,01,80,000 ആയി കുറഞ്ഞു.
അതേസമയം സൗദി തൊഴിലാളികളുടെയും എണ്ണം കുറഞ്ഞു. കഴിഞ്ഞ വർഷം അവസാന പാദം 31.6 ലക്ഷമായിരുന്നു തദ്ദേശീയർ. ഈ വർഷം ആദ്യ പാദത്തിൽ 31.5 ലക്ഷമായി കുറഞ്ഞു. സൗദി തൊഴിൽ അന്വേഷകർ 1.33 ശതമാനമായി കുറഞ്ഞിട്ടുണ്ട്. സ്വകാര്യമേഖലയിൽ രണ്ടു വർഷത്തിനിടെ 8,10,000 വിദേശികൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. ഈ വർഷം ആദ്യപാദ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ 77.1 ലക്ഷം വിദേശികളാണ് ജോലി ചെയ്യുന്നത്.