കുവൈത്തിൽ വിസ കച്ചവടം : 7197 കേസുകൾ രജിസ്റ്റർ ചെയ്തതായി തൊഴിൽ മന്ത്രി

കുവൈത്ത് സിറ്റി : വിസ കച്ചവടവുമായി ബന്ധപെട്ടു 7,197 കേസുകൾ സ്വകാര്യ കന്പനികൾക്കെതിരെ രജിസ്റ്റർ ചെയ്തതായി തൊഴിൽ സാമൂഹ്യ മന്ത്രി ഹിന്ദ് അൽ സുബീഹ് അറിയിച്ചു. 2014 മുതൽ രജിസ്റ്റർ ചെയ്ത കേസുകളിൽ പിഴയായി 12 ദശ ലക്ഷം കുവൈത്ത് ദിനറാണ് ഖജനാവിൽ എത്തിയതെന്നും ഹിന്ദ് അൽ സുബീഹ് പറഞ്ഞു. അതേസമയം വിസ കച്ചവടം രാജ്യത്ത് പൂർണമായും നിർമ്മാർജ്ജനം ചെയ്യുന്നതിന് എല്ലാവിധ നിയമ മാർഗ്ഗങ്ങളും സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. വിസ കച്ചവട റാക്കറ്റിൽ പെടുന്നവരാധികവും അടിസ്ഥാന വർഗ്ഗ തെഴിലാളികളാണ്.
2,000 കുവൈത്ത് ദിനാർ കൂടാതെ മറ്റ് ചിലവുകളും മുടക്കിയാണ് മലയാളികളടക്കം നിരവധി വിദേശികൾ തൊഴിൽ തേടി ഇത്തരം റാക്കറ്റുകളുടെ ഇരയാകുന്നതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം രാജ്യത്ത് സ്വദേശിവൽക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ സർക്കാർ സ്ഥാപനങ്ങളിൽ തൊഴിൽ ചെയ്യുന്ന 3140 വിദേശികളെ 2018 ജൂലൈ ഒന്നിന് സവ്ർവീസിൽ നിന്നും പിരിച്ചു വിടുന്നതിന് ഉത്തരവ് ഇറക്കിയതിന്റെ അടിസ്ഥാനത്തിൽ സ്വദേശിവൽക്കരണ നടപടി ക്രമമനുസരിച്ചുള്ള റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ജീവനക്കാർക്ക് നൽകുന്നതിനും സിവിൽ സർവ്വീസ് കമ്മീഷൻ പ്രസിഡണ്ട് അഹമ്മദ് അൽ ജെസ്സെർ ഉത്തരവ് നൽകി. സർക്കാർ പൊതുമേഖല സ്വദേശിവൽക്കരിക്കുന്നതിന്റെ ഭാഗമായി വിദേശികളെ പിരിച്ചു വിട്ട ഒഴിവുകളിൽ പകരം സ്വദേശികളെ നിയമിക്കുന്നതിനും നിർദ്ദേശിച്ചു.