ഭീകരവാദത്തിനെതിരെ പ്രവർത്തിക്കുമെന്ന് എമിറേറ്റ്സ് ഫത്വ കൗൺസിൽ

അബുദാബി : ഭീകരവാദത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ നടത്തുമെന്ന് എമിറേറ്റ്സ് ഫത്വ കൗൺസിൽ. യഥാർത്ഥ ഇസ്ലാമിക ദർശനങ്ങളുടെ പ്രചാരണത്തിലൂടെ ലോകമിന്ന് അഭിമുഖീകരിക്കുന്ന ഭീകരവാദത്തിനും തീവ്ര നിലപാടുകൾക്കുമെതിരെ പ്രവർത്തിക്കാനാണ് കൗൺസിൽ ആദ്യ യോഗം തീരുമാനിച്ചത്. തെറ്റായ സന്ദേശങ്ങളും ക്രമവിരുദ്ധമായ ഫത്വകളും പുറപ്പടുവിച്ച് മുസ്ലിം സമൂഹത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്ന പ്രവണതകൾക്കെതിരെയുള്ള പോരാട്ടത്തിനാണ് എമിറേറ്റ്സ് ഫത്വ കൗൺസിൽ നേതൃത്വം നൽകുക.
തെറ്റായ ഫത്വകൾ ഇസ്ലാമിന്റെ തത്ത്വങ്ങളെ കാറ്റിൽപ്പറത്തി സമൂഹത്തിൽ സുഖകരമല്ലാത്ത അന്തരീക്ഷമുണ്ടാക്കുന്നതിന് കാരണമായിട്ടുണ്ട്. രാഷ്ട്രങ്ങളുടെ നാശത്തിനും രക്തച്ചൊരിച്ചിലുകൾക്കും ഇത് കാരണമായിട്ടുണ്ട്. കൃത്യതയോടെയുള്ള ഇടപെടൽ കൊണ്ട് മാത്രമേ ഇതില്ലാതാക്കാൻ കഴിയുള്ളുവെന്നും ഇസ്ലാമിക സമൂഹത്തിന്റെ സമാധാനം ലക്ഷ്യമിട്ടുകൊണ്ടുള്ള ഫോറത്തിന്റെ ചെയർമാൻ ഷെയ്ഖ് അബ്ദുല്ല ബിൻ ബയ പറഞ്ഞു.
തെറ്റായ ഫത്വകൾ നിയന്ത്രിക്കാനും ഇസ്ലാമിക ദർശനങ്ങൾ സത്യസന്ധമായി സമൂഹത്തിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമായി കഴിഞ്ഞ മാസമാണ് യു.എ.ഇ കാബിനറ്റ് യു.എ.ഇ. ഫത്വ കൗൺസിലിനെ നിയോഗിച്ചത്.