സൗദി ദേശീയ ഫുട്ബോൾ ടീം യാത്ര ചെയ്ത വിമാനത്തിന് തീ പിടിച്ചു

ജിദ്ദ : സൗദി അറേബ്യയുടെ ദേശീയ ഫുട്ബോൾ ടീം യാത്ര ചെയ്ത വിമാനത്തിന് തീ പിടിച്ചു. റഷ്യയിൽ നടന്നുവരുന്ന ഫിഫ ലോകകപ്പിൽ രണ്ടാം ഗ്രൂപ്പ് മത്സരത്തിനായി താരങ്ങൾ സഞ്ചരിച്ച ഔദ്യോഗിക വിമാനത്തിനാണ് തീപിടിച്ചത്. വിമാനത്തിന്റെ എഞ്ചിനിൽ തീ പിടിച്ചതിനെത്തുടർന്ന് അടിയന്തരമായി നിലത്തിറക്കുകയായിരുന്നു. എന്നാൽ വിമാനം സുരക്ഷിതമായി റോസ്റ്റോവിൽ ഇറങ്ങിയതായും ടീം അംഗങ്ങളെല്ലാം സുരക്ഷിതരാണെന്നും എല്ലാവരുമിപ്പോൾ താമസ സ്ഥലത്താണുള്ളതെന്നും സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷൻ ട്വിറ്ററിൽ അറിയിച്ചു.
വിമാനത്തിന്റെ ചിറകുകളിലൊന്നിനാണ് തീപിടിച്ചത്. സൗദി അറേബ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസിയും സംഭവം സ്ഥിരികരിച്ച് വാർത്തകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗ്രൂപ്പ് -എയിൽ നാളെ ഉറുഗ്വായുമായാണ് സൗദി ടീം ആണ് ഏറ്റമുട്ടുന്നത്. സൗദി അറേബ്യയുടെ രണ്ടാമത്തെ മത്സരമാണിത്. ആദ്യമത്സരത്തിൽ റഷ്യയോട് മറുപടി ഇല്ലാത്ത അഞ്ച് ഗോളിന് സൗദി അറേബ്യ തോറ്റിരുന്നു.