പ്രവാസികളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ കേരള സർക്കാർ പ്രതിജ്ഞാബദ്ധം : കോടിയേരി

ദമാം : പ്രവാസികളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ കേരള സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദമാമിൽ നവോദയയുടെ പതിനാറാമത് വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രവാസി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വികസനത്തിൽ പ്രവാസി മലയാളികളുടെ പങ്ക് പ്രത്യേകം എടുത്തു പറഞ്ഞുകൊണ്ടാണ് കോടിയേരി ബാലകൃഷ്ണൻ പ്രവാസിസംഗമം ഉദ്ഘാടനം ചെയ്തത്. പ്രവാസികളുടെ പങ്കിനെ കേരള സർക്കാർ പ്രത്യേകം മാനിക്കുന്നുവെന്നും അതുകൊണ്ടാണ് പ്രവാസികൾക്ക് വേണ്ടി ഇന്ത്യയിൽ തന്നെ ആദ്യമായി കേരളത്തിൽ ഒരു ലോക കേരള സഭ സർക്കാർ രൂപം നൽകിയതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
കേരള വികസനത്തിൽ പ്രവാസികളുടെ പങ്ക് വളരെ വലുതാണ്. ഭാവിയിലും അതുണ്ടാവണം. സ്വദേശിവൽക്കരണം കാരണം തിരിച്ചു പോകേണ്ടി വരുന്ന പ്രവാസികൾക്ക് നാട്ടിൽ തൊഴിൽ ലഭിക്കുന്നതിനനുകൂലമായ സാഹചരൃം ഉണ്ടാവണം. കേരളത്തെ കൂടുതൽ മെച്ചപ്പെട്ട നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിലൂടെ കൂടുതൽ വ്യവസായങ്ങൾ തുടങ്ങാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കണം. പ്രവാസി വിഷയങ്ങളിൽ ശക്തമായി ഇടപെടാൻ ഈ സർക്കാരിന് കഴിഞ്ഞതിന്റെ ഏറ്റവും വലിയ തെളിവാണ് ഷാർജ ജയിലിൽ കഴിഞ്ഞ മുഴുവൻ ഇന്ത്യക്കാരെയും മോചിപ്പിക്കാൻ കഴിഞ്ഞത്. അതുപോലെ പ്രവാസികൾക്കായുള്ള ക്ഷേമ പദ്ധതികൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനാവശ്യമായ നടപടികൾ നടന്നു വരികയാണ്. ഇതിന് കക്ഷി രാഷ്ട്രീയഭേദമന്യേ കേരളീയ സമൂഹം ഒറ്റക്കെട്ടായി നിലനിൽക്കണം. എന്നാൽ സങ്കുചിത രാഷ്ട്രീയ മത താൽപ്പര്യങ്ങൾക്ക് വേണ്ടി വർഗ്ഗീയ മതമൗലിക ശക്തികൾ നുണ പ്രചാരണങ്ങളുമായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. എതിർക്കുന്നവരെ കൊന്നൊടുക്കുകയാണ്. അന്ധവിശ്വാസത്തിനും, അനാചാരത്തിനും, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും എതിരെ നിലപാടെടുത്ത എഴുത്തുകാരും പത്രപ്രവർത്തകരുമായ നിരവധി പേരാണ് ഇന്ത്യയിൽ കൊല്ലപ്പെട്ടത്. രാജ്യത്ത് മതത്തിന്റെ പേരിൽ ഭ്രാന്ത് പടർത്തുകയാണ്, ഇതിനെതിരെ മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന മുഴുവൻ ജനങ്ങളും ഒന്നിക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.
നവോദയ പ്രസിഡണ്ട് പവനൻ മൂലക്കീൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സമൂഹത്തിലെ വിവിധ തുറകളിലുള്ള ആയിരക്കണക്കിനാളുകൾ പങ്കെടുത്തു.