ബസ്സുകൾക്ക് പ്രത്യേക ലെയിൻ പരിഗണനയിൽ

ദുബൈ : ദുബൈയിൽ ബസ്സുകൾക്കായി പ്രത്യേക ലെയിനുകൾ തുറക്കുന്ന കാര്യം പരിഗണനയിൽ. ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇത് സംബന്ധിച്ച് പഠനം നടത്തുന്നത്. യാത്രാസമയം കുറയ്ക്കാനും ഗതാഗത തടസ്സം ഒഴിവാക്കാനും കൂടുതൽ ആളുകൾ പൊതുവാഹനങ്ങൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാനും ഇത് സഹായമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ബസ്സുകൾക്കും ടാക്സികൾക്കും മാത്രമായി പലയിടത്തും പ്രത്യേക ലെയിനുകളുണ്ട്. ഇന്റർസിറ്റി ബസ്സുകളാകട്ടെ ഷെയ്ഖ് സായിദ് റോഡ്, എമിറേറ്റ്സ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് തുടങ്ങിയ പ്രധാന ഹൈവേകളിൽക്കൂടിയാണ് നടത്തുന്നത്.
2019-ഓടെ 32 കിലോമീറ്റർ ബസ്സ് ലെയിനുകൾ നിർമ്മിക്കാനാണ് പദ്ധതി. മൻഖൂൽ, അൽ റാഷിദ്, അമ്മൻ സ്ട്രീറ്റ് എന്നിവിടങ്ങളാണ് ആദ്യ ഘട്ടത്തിൽ പരിഗണനയിലുള്ളത്. ജനസാന്ദ്രതയും ട്രാഫിക്കും നോക്കിയാണ് ഇതിനായുള്ള സ്ഥലം തിരഞ്ഞെടുത്തത്. പരന്പരാഗത സംവിധാനത്തിന് പകരം മറ്റ് പല നഗരങ്ങളിലുമുള്ള പോലെ ബസ്സ് സേവനം മെച്ചപ്പെടുത്താൻ പ്രത്യേക സൗകര്യമൊരുക്കുകയാണ് ലക്ഷ്യം.