സ്പെയിൻ സൗദിക്ക് അഞ്ച് യുദ്ധക്കപ്പലുകൾ നൽകും
റിയാദ് : സ്പെയിൻ സൗദിക്ക് അഞ്ച് അത്യാധുനിക യുദ്ധക്കപ്പലുകൾ നൽകും. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സ്പെയിൻ രാജാവ് ഫിലിപ്പെയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ഇത് സംബന്ധിച്ച കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പു വെക്കും. ഇരു രാജ്യങ്ങളും തമ്മിൽ ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായാണ് കിരീടാവകാശിയുടെ സന്ദർശനം. അമേരിക്ക, ഫ്രാൻസ് സന്ദർശനത്തിന് ശേഷമാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സ്പെയ്നിലെത്തിയത്. സ്പെയിൻ രാജാവുമായി നടത്തിയ കൂടിക്കാഴ്ചയിൽ പശ്ചിമേഷ്യയിലെ വിവിധ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. സ്പെയിൻ പ്രതിരോധ മന്ത്രി ഡൊളോറസുമായും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ചർച്ച നടത്തി.
സൈനിക രംഗത്ത് സഹകരിക്കുകന്നതടക്കമുള്ള ചർച്ചകൾ കൂടിക്കാഴ്ചയിലുണ്ടായി. പ്രധാനമന്ത്രി മരിയാനോ റജോയുമായുള്ള കൂടിക്കാഴ്ചയിലും വിവിധ കരാറുകൾ പിറക്കാനിടയുണ്ട്. രാജ്യത്തിന്റെ സന്പദ് ഘടന ശക്തമാക്കുന്നതിന്റെ ഭാഗമായി അമേരിക്ക, ഫ്രാൻസ് സന്ദർശനത്തിടെ കോടികളുടെ ആയുധക്കരാറുകളാണ് സൗദി ഒപ്പു വെച്ചത്. വിവിധ നിക്ഷേപകരെ രാജ്യത്തേക്ക് ക്ഷണിക്കുകയും ചെയ്തു.

