സൗ­ദി­യിൽ ജല വി­തരണ നി­യമാ­വലി­ക്ക് മന്ത്രി­സഭയു­ടെ­ അംഗീ­കാ­രം


റിയാദ് : ശുദ്ധജല സംസ്‌കരണ വിതരണ മേഖലയിൽ പ്രവർത്തിക്കുന്ന ഫാക്ടറികൾക്കും ഷോപ്പുകൾക്കും ബാധകമാക്കുന്ന പുതിയ നിയമാവലിക്ക് കാബിനറ്റിന്റെ അംഗീകാരം. സൗദി പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ജലവിതരണം രംഗത്തെ നിയമ ലംഘനങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയം പുതിയ വ്യവസ്ഥകളും ശിക്ഷാ നടപടികളും നടപ്പാക്കുന്നതെന്ന് മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. ഫൈസൽ അൽ സബീഇ പറഞ്ഞു.

നിയമ ലംഘനം നടത്തുന്ന പ്ലാന്റുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും 50 ലക്ഷം റിയാൽ വരെ പിഴ ഈടാക്കുന്നതിന് പുതിയ നിയമാവലി വ്യവസ്ഥ ചെയ്യുന്നുണ്ട്. അല്ലെങ്കിൽ, കുറ്റത്തിന്റെ സ്വഭാവം പരിഗണിച്ച് ആറ് മാസം വരെയോ എന്നെന്നേക്കുമായോ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുമെന്നും നിയമാവലി നിഷ്‌കർഷിക്കുന്നു. നിയമ ലംഘനം ആവർത്തിക്കുന്ന പക്ഷം പിഴയാണെങ്കിലും ലൈസൻസ് റദ്ദാക്കുകയാണെങ്കിലും ശിക്ഷ ഇരട്ടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രാലയത്തിന്റെ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുക, നിശ്ചയിച്ച നിയമ വ്യവസ്ഥകൾ ലംഘിക്കുക, മന്ത്രാലയത്തിന് തെറ്റായതോ വഴി തെറ്റിക്കുന്നതോ ആയ വിവരം നൽകുക, ആവശ്യപ്പെട്ട വിവരം നൽകാതിരിക്കുക, പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്നതോ ഉൽപന്നങ്ങളുടെ സ്വാധീനം നിമിത്തം സംഭവിച്ചതോ ആയ കഷ്ടനഷ്ടങ്ങളെ കുറിച്ച് അറിയിക്കാതിരിക്കുക തുടങ്ങിയ കൃത്യങ്ങളെല്ലാം ശിക്ഷ ലഭിക്കാൻ ഇടയാക്കുമെന്നും ഡോ. അൽ സബീഇ വിശദീകരിച്ചു.

നിയമാവലി പ്രാബല്യത്തിൽ വരുത്തുന്നതിന് മുന്നോടിയായി വ്യവസ്ഥകൾ പൂർത്തിയാക്കാൻ പ്ലാന്റുകൾക്ക് ഒരു വർഷത്തെ സാവകാശം അനുവദിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്ലാന്റുകൾക്ക് ലൈസൻസ് നൽകുന്നതിന് മന്ത്രാലയം ഒരു ടെക്‌നിക്കൽ വിഭാഗെത്ത ചുമതലപ്പെടുത്തിയിട്ടുണ്ട്. ടാങ്കറുകളിലും ലോറികളിലുമായി വെള്ളം വിതരണം ചെയ്യുന്ന കടകളിലും സ്ഥാപനങ്ങളിലും ജല സംസ്‌കരണ കേന്ദ്രങ്ങളിലും ഈ സംഘം പരിശോധന നടത്തി വ്യവസ്ഥകൾ പൂർത്തിയാക്കുന്ന പക്ഷം ലൈസൻസ് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed