വിദേശികളുടെ ജയിൽ ശിക്ഷാ കാലാവധി കുറയ്ക്കാനൊരുങ്ങി സൗദി
റിയാദ് : സൗദിയിൽ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്ന വിദേശികളുടെ ജയിൽ ശിക്ഷയുടെ കാല പരിധി കുറക്കാൻ നീക്കം. പകരം ഇത്തരക്കാരെ നാടുകടത്തുന്ന വിധത്തിൽ നിയമം പരിഷ്കരിക്കാനാണ് നീക്കം. സൗദി ജയിൽ നിയമം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ആഭ്യന്തര മന്ത്രാലയം വിദേശികളുടെ ജയിൽ ശിക്ഷയുടെ കാല പരിധി കുറക്കാൻ ഉദ്ദേശിക്കുന്നത്.
രാജ്യത്തെ ആകെയുള്ള തടവുകാരിൽ 49 ശതമാനത്തെക്കാൾ വിദേശികൾ കൂടാൻ പാടില്ലെന്ന നിലയ്ക്കാണ് നിയമം പരിഷ്‌കരിക്കുക. വിവിധ കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെടുന്ന വിദേശികൾ അവർ ജയിലിലടക്കപ്പെടേണ്ടവരല്ലെങ്കിൽ നാടു കടത്തുകയായിക്കും ചെയ്യുകയെന്ന് പ്രമുഖ പ്രദേശിക പത്രമാണ് റിപ്പോർട്ട് ചെയ്തത്.
ഒരു വർഷത്തിൽ താഴെ മാത്രം ശിക്ഷ ലഭിക്കുന്ന വിദേശികളേയും നാടുകടത്തും. കൂടാതെ കൂടുതൽ കാലം ശിക്ഷിക്കപ്പെടുന്നവരുടെ ശിക്ഷിയിൽ നാലിൽ ഒരു ഭാഗം ഇളവു ചെയ്തും നാടു കടത്തും. ജയിൽ ശിക്ഷക്കു പകരം പൊതു സ്ഥലങ്ങളും സ്ഥാപനങ്ങളും വൃത്തിയാക്കുന്നതുൾപ്പെടയുള്ള പൊതു സേവനങ്ങൾ ചെയ്യിപ്പിക്കുന്ന ബദൽ ശിക്ഷാ നിയമവും താമസിയാതെ നടപ്പിലാക്കുമെന്നാണ് റിപ്പോർട്ട്.

