വ്യാ­ജ സർ­ട്ടി­ഫി­ക്കറ്റ് : സൗ­ദി­യിൽ തടവി­ലാ­യി­രു­ന്ന മലയാ­ളി­ നഴ്‌സു­മാർ നാ­ട്ടി­ലേ­ക്ക് മടങ്ങി­


റിയാദ് : ആരോഗ്യ മന്ത്രാലയം നടത്തിയ പരിശോധനയിൽ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് വ്യാജമെന്ന് കണ്ടെത്തിയതിനെ തുടർന്ന് തടവിലായ രണ്ട് നഴ്‌സുമാർ ശിക്ഷാകാലാവധിക്ക് ശേഷം കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി.  കോട്ടയം സ്വദേശിനികളായ രജീഷ രാജൻ, ജിജി ജോസഫ് എന്നിവരാണ് ജിദ്ദ വിമാനത്താവളം വഴി നാടണഞ്ഞത്. ഒരു വർഷം തടവും 1000 റിയാൽ പിഴയുമായിരുന്നു ഇരുവർക്കും ലഭിച്ച ശിക്ഷ. സമാന സംഭവത്തിൽ തടവിലായിരുന്ന കോട്ടയം പാല സ്വദേശിനി ഷിനിമോൾ രണ്ട് മാസം മുന്പ് നാട്ടിലേക്ക് മടങ്ങിയിരുന്നു. വിചാരണക്കിടെ തെറ്റുകാരിയല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ആദ്യം ഉപാധികളോടെ ജാമ്യം അനുവദിച്ച കോടതി പിന്നീട് ഇവരെ കുറ്റവിമുക്തയായി പ്രഖ്യാപിക്കുകയായിരുന്നു.

നാട്ടിലേക്ക് മടങ്ങിയ നഴ്‌സ്മാരിൽ രജീഷക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു. തായിഫ് കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിലെ താമസ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന രജീഷക്ക് പക്ഷേ, നാട്ടിൽ പോകുന്ന ഘട്ടത്തിൽ രേഖകൾ പൂർത്തിയാക്കുന്നതിന് നാടുകടത്തൽ കേന്ദ്രത്തിൽ കഴിയേണ്ടിവന്നു. ജിജിയും തർഹീൽ വഴിയാണ് മടങ്ങിയത്.

2017 ജനുവരി അവസാനം സർട്ടിഫിക്കറ്റ് പരിശോധിക്കുന്നതിന്റെ ഭാഗമായി ഡാറ്റ ഫ്‌ളോ ചെയ്യുന്പോഴാണ് രണ്ടുപേരുടെയും എക്‌സീപിരിയൻസ് സർട്ടിഫിക്കറ്റ് വ്യാജമെന്ന് കണ്ടെത്തുന്നത്. ശിക്ഷയിൽ ഇളവ് ലഭിക്കുന്നതിന് ജിദ്ദ കോൺസുലേറ്റ് ശക്തമായ ഇടപെടൽ നടത്തിയിരുന്നു. കേസ് നടത്താൻ കോൺസുലേറ്റ് അനുമതിപത്രം നൽകിയതിനാൽ സി.സി.ഡബ്ല്യൂ പ്രതിനിധിയും തായിഫ് കെ.എം.സി.സി പ്രസിഡന്റുമായ മുഹമ്മദ് സാലിയും നിയമ സഹായത്തിന് മുൻപന്തിയിലുണ്ടായിരുന്നു.

ജിദ്ദ കോൺസുലേറ്റ് സംഘം രണ്ട് തവണ തായിഫിലെത്തി തടവിൽ കഴിയുന്ന നഴ്‌സുമാരെ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കുകയും ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് നഴ്‌സുമാരുടെ മോചനവുമായി ബന്ധപ്പെട്ട് ജിദ്ദ ആരോഗ്യ മന്ത്രാലയ അധികൃതരുമായി പ്രത്യേകം ചർച്ച നടത്തിയിരുന്നു.

എല്ലാ നഴ്‌സുമാരും സൗദി കൗൺസിൽ ഫോർ ഹെൽത്ത് സ്‌പെഷ്യാലിറ്റിയിൽ ഡാറ്റാ ഫ്‌ളോക്ക് വേണ്ടി യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്നതാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വ്യവസ്ഥ. ഇതു പ്രകാരമാണ് ഇവർ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചത്. എന്നാൽ കമ്മീഷൻ നടത്തിയ പരിശോധനയിൽ എക്പീരിയൻസ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed