നാല് മാസത്തിനിടെ സൗദി അറേബ്യയിൽ അറസ്റ്റിലായത് 289 ഭീകരർ
അറസ്റ്റിലായവരിൽ ആറ് പേർ ഇന്ത്യക്കാർ
റിയാദ് : കഴിഞ്ഞ − നാലു മാസത്തിനിടെ സൗദിയിൽ അറസ്റ്റിലായത് 289 ഭീകരരാണെന്ന് ദേശീയ സുരക്ഷാ ഏജൻസി അറിയിച്ചു. പതിമൂന്നു രാജ്യങ്ങളിൽ നിന്നുള്ള ഭീകരർ നാലു മാസത്തിനിടെ അറസ്റ്റിലായിട്ടുണ്ട്. ഇക്കൂട്ടത്തിൽ 185 പേർ സൗദികളും 47 പേർ യെമനികളും 14 പേർ സിറിയക്കാരും 12 പേർ പാക്കിസ്ഥാനികളും 12 പേർ ഈജിപ്തുകാരുമാണ്. ആറു ഇന്ത്യക്കാരും നാലു റഷ്യക്കാരും രണ്ടു സുഡാനികളും അമേരിക്ക, ബഹ്‌റൈൻ, എത്യോപ്യ, തുർക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓരോരുത്തരും ഒരു കുടിയേറ്റ ഗോത്രക്കാരനും ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നാലു മാസത്തിനിടെ അറസ്റ്റിലായിട്ടുണ്ട്.
ജനറൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിനു കീഴിലെ ജയിലുകളിൽ കഴിയുന്ന ഇന്ത്യൻ ഭീകരരുടെ എണ്ണം 19 ആയി ഉയർന്നിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദിയിൽ 5310 ഭീകരരാണ് അറസ്റ്റിലുള്ളത്. ഇക്കൂട്ടത്തിൽ 4413 പേർ സൗദികളും 316 പേർ യെമനികളും 90 പേർ പാക്കിസ്ഥാനികളും 63 പേർ ഈജിപ്തുകാരും അഞ്ചു പേർ അമേരിക്കക്കാരും 18 പേർ പലസ്തീനികളും ഒന്പതു പേർ ഇറാനികളും പതിനൊന്ന് പേർ ബഹ്‌റൈനികളും ആണ്. ഒരു ഖത്തരിയും രണ്ടു കുവൈത്തികളും നാലു തുർക്കികളും മറ്റു രാജ്യക്കാരും ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സൗദിയിൽ അറസ്റ്റിലുണ്ട്.
അതിനിടെ, ഖത്തീഫ് നിവാസിയായ ഭീകരന്റെ വിവാഹം ദേശീയ സുരക്ഷാ ഏജൻസി ജയിലിൽ വെച്ച് നടത്തി. കിഴക്കൻ പ്രവിശ്യയിലെ ജനറൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ജയിലിലായിരുന്നു വിവാഹം.
ഭീകരരെ പാർപ്പിക്കുന്ന, കിഴക്കൻ പ്രവിശ്യയിലെ ജനറൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ജയിലിൽ ദേശീയ സുരക്ഷാ ഏജൻസി സംഘടിപ്പിക്കുന്ന രണ്ടാമത്തെ വിവാഹമാണിത്. വധൂവരന്മാരുടെ നിരവധി ബന്ധുക്കളും ഖത്തീഫിലെ പൗരപ്രമുഖരും മാധ്യമ പ്രവർത്തകരും ദേശീയ മനുഷ്യാവകാശ കമ്മീഷൻ, പബ്ലിക് പ്രോസിക്യൂഷൻ പ്രതിനിധികളും സുരക്ഷാ വകുപ്പ് മേധാവികളും ദമാമിലെ സർക്കാർ വകുപ്പ് മേധാവികളും വിവാഹത്തിൽ പങ്കെടുത്തു.
ഭീകരരെ പാർപ്പിക്കുന്ന ജയിലിലെ എല്ലാ വിഭാഗങ്ങളും ചുറ്റിനടന്ന് കാണിച്ച ശേഷമാണ് അതിഥികളെ വിവാഹ ചടങ്ങ് നടന്ന സ്‌പോർട്‌സ് സെന്ററിലേക്ക് ആനയിച്ചത്. മണവാളന് ദേശീയ സുരക്ഷാ ഏജൻസി പതിനായിരം റിയാൽ സമ്മാനിക്കുകയും ചെയ്തു. വധൂവരന്മാർക്കും വനിതകൾക്കുമായി വിസിറ്റേഴ്‌സ് കെട്ടിടത്തിലെ ഹാൾ പ്രത്യേകം സജ്ജീകരിച്ചിരുന്നു.
വധൂവരന്മാരുടെ ഉമ്മമാരും സഹോദരിമാരും മണവാട്ടിയെ അനുഗമിച്ചു. വിവാഹാഘോഷം പൂർത്തിയായ ശേഷം നവദന്പതികൾക്ക് ആദ്യ രാത്രി ചെലവഴിക്കുന്നതിന് ഇതേ കെട്ടിടത്തിലെ സ്യൂട്ട് ഒരുക്കിയിരുന്നു. സൗദിയിലെ ജയിലുകളിൽ കഴിയുന്ന സ്വദേശികൾക്ക് മാസത്തിൽ നിശ്ചിത ദിവസം ഭാര്യമാർക്കൊപ്പം ജയിൽ കോന്പൗണ്ടുകളിലെ ഫർണിഷ്ഡ് അപ്പപാർട്ട്‌മെന്റുകളിൽ കഴിയുന്നതിന് അധികൃതർ സൗകര്യം ചെയ്തുകൊടുക്കുന്നുണ്ട്.

