സൗദിയിൽ പ്രാബല്ല്യത്തിൽ വരുന്ന പുതിയ ലെവിയിൽ നിന്ന് എട്ട് വിഭാഗങ്ങളെ ഒഴിവാക്കി

റിയാദ് : സൗദിയിൽ പ്രാബല്യത്തിൽ വരുന്ന പുതിയ ലെവിയിൽ നിന്നും എട്ടു വിഭാഗങ്ങളെ ഒഴിവാക്കി. ജി.സി.സി പൗരന്മാർക്കും, നാടു കടത്തലിൽ ഇളവ് ലഭിച്ചവർക്കും ലെവി അടയ്ക്കേണ്ടതില്ലെന്നു തൊഴിൽ മന്ത്രാലയം അറിയിച്ചു. ജനുവരി ഒന്ന് മുതലാണ് സൗദിയിൽ വിദേശ തൊഴിലാളികൾക്ക് പുതിയ ലെവി പ്രാബല്യത്തിൽ വരുന്നത്. എട്ടു വിഭാഗങ്ങളിൽ പെട്ട വിദേശ തൊഴിലാളികളെ ലെവിയിൽ നിന്നും ഒഴിവാക്കിയതായി സൗദി തൊഴിൽ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
സൗദി പൗരത്വം ഉള്ളവരുടെ വിദേശിയായ ഭർത്താവ്, ഭാര്യ, സൗദി വനിതകൾക്ക് വിദേശിയായ ഭർത്താവിൽ ജനിച്ച കുട്ടികൾ, നാടു കടത്തലിൽ പ്രത്യേക ഇളവ് ലഭിച്ച രാജ്യങ്ങളിലെ തൊഴിലാളികൾ, ഒന്ന് മുതൽ അഞ്ച് വരെ തൊഴിലാളികൾ മാത്രം ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികൾ, ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾ, ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർ, ജോലി ഇല്ലാത്തസൗദികളുടെ ഉടമസ്ഥതയിൽ ഉള്ള, പത്തിൽ താഴെ തൊഴിലാളികൾ മാത്രമുള്ള സ്ഥാപനങ്ങളിലെ 4 തൊഴിലാളികൾ എന്നിവർക്ക് ലെവി ബാധകമല്ല.
പലസ്തീനികൾ, ബർമക്കാർ, ബലൂചിസ്ഥാനികൾ തുടങ്ങിയവർ നാടു കടത്തലിൽ ഇളവ് ലഭിച്ച രാജ്യക്കാരുടെ ഗണത്തിൽ പെടും. സൗദികളെക്കാൾ കൂടുതൽ വിദേശികൾ ഉള്ള സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികൾ പ്രതിമാസം നാനൂറ് റിയാലും സൗദികൾ കൂടുതലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾ മുന്നൂറു റിയാലുമാണ് ലെവി അടയ്ക്കേണ്ടത്. താമസ തൊഴിൽ രേഖകൾ പുതുക്കുന്പോഴാണ് ലെവി ഈടാക്കുക.
ലെവി അടയ്ക്കാതെ ഇതിനകം പുതുക്കിയവരും ജനുവരി മുതലുള്ള ലെവി മൂന്നു മാസത്തിനകം അടയ്ക്കേണ്ടി വരും. 2019 ആദ്യത്തിലും 2020 ആദ്യത്തിലും ലെവി ഇരുനൂറ് റിയാൽ വീതം വർദ്ധിക്കും.