രാജ്യം സാന്പത്തിക പുരോഗതിയുടെ പാതയിലെന്ന് സൗദി ധനമന്ത്രി
റിയാദ് : രാജ്യം സാന്പത്തിക പുരോഗതിയുടെ പാതയിലാണെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അബ്ദുല്ല അൽജദ്ആൻ പറഞ്ഞു. സാന്പത്തിക പുരോഗതിക്കായി സർക്കാർ നടപ്പാക്കിയ നടപടികളുടെ ഗുണഫലങ്ങൾ ലഭിച്ചു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനായി ഏർപ്പെടുത്തിയ സാന്പത്തിക പരിഷ്കാരങ്ങളും നടപടികളും സൗദി അറേബ്യയുടെ സാന്പത്തിക ഭദ്രത പുഷ്ടിപ്പെടുത്തുമെന്നു രാജ്യാന്തര നാണയ നിധിയുടെ റിപ്പോർട്ടും ശുഭസൂചകമാണെന്നും ധനകാര്യ മന്ത്രി തുടർന്നു.
സാന്പത്തിക രംഗത്തെ സുതാര്യതയും വെളിപ്പെടുത്തലുകളും നിക്ഷേപത്തിനുള്ള സൗഹൃദാന്തരീക്ഷം സൃഷ്ടിക്കലും തുടങ്ങിയ നടപടികളിലൂടെ എല്ലാ വിഭാഗങ്ങളുടെയും വിശ്വാസ്യത കൈവരിച്ചു കൊണ്ടുള്ള മുന്നേറ്റമാണ് സാന്പത്തിക രംഗത്തു സൗദി സാക്ഷാത്കരിച്ചു കൊണ്ടിരിക്കുന്നത്. വിഷൻ 2030 മുന്നോട്ടു വച്ചത് പോലുള്ള മുന്നേറ്റം നേടിയെടുക്കുന്നതിലേയ്ക്കുള്ള ശരിയായ പാതയിലൂടെയാണ് സൗദിയുടെ സാന്പത്തിക രംഗം മുന്നോട്ടു പോകുന്നതെന്ന് മന്ത്രി അൽജദ്ആൻ പറഞ്ഞു.
2017ലെ മൂന്നാം പാദ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. വർദ്ധിച്ച വരുമാനം, ജനോപകാര ചെലവുകളിൽ കുറവ് വരുത്താതെയുള്ള കുറഞ്ഞ പൊതു ചെലവ്, ബജറ്റ് കമ്മിയിലുള്ള പുരോഗതി എന്നിവയെല്ലാം സാന്പത്തിക രംഗത്തെ പ്രത്യാശയുടെ കിരണങ്ങളായി ബജറ്റ് റിപ്പോർട്ടിൽ തെളിയുന്നുണ്ട്.
2017 ജൂലൈ - സപ്തംബറിലെ ദേശീയ വരുമാനം 450.1 ബില്യൺ റിയാൽ ആണ്. ഇതിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം എണ്ണയിതര സ്രോതസ്സുകളിൽ നിന്നുള്ള വരുമാന വർദ്ധനവാണ്. 2016 ലെ മൂന്നാം പാദത്തെ അപേക്ഷിച്ച് 2017 ലെ മൂന്നാം പാദത്തിലെ എണ്ണയിതര വരുമാനം 80 ശതമാനമായാണ് വർദ്ധിച്ചതെന്നു (47.8 ബില്യൺ റിയാൽ) ബജറ്റ് റിപ്പോർട്ട് പറയുന്നു. സൗദിയെ എണ്ണ വിലയെ മാത്രം ആശ്രയിച്ചു കഴിയുന്നതിൽ നിന്ന് മുക്തമാക്കാനായി സൗദി ഭരണകൂടം ആവിഷ്കരിച്ചിട്ടുള്ള നടപടികൾ ഫലദായകമായി കൊണ്ടിരിക്കുന്നുവെന്നതാണ് ഇതു കാണിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
2017 ലെ ജനുവരി − സപ്തംബർ കാലത്തെ ഗവൺമെന്റ് ചെലവിൽ 0.4 ശതമാനത്തിന്റെ മാത്രം വർദ്ധനവ് രേഖപ്പെടുത്തിയപ്പോൾ വരുമാനത്തിൽ 23 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നു പാദങ്ങളിലായി രേഖപ്പെടുത്തിയ ബജറ്റ് കമ്മിയിലും ശുഭസൂചന തന്നെയാണുള്ളത്. 21.5 ബില്യൺ റിയാൽ ആണ് ഇപ്പോഴത്തെ കമ്മി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് 40 % കുറവാണെന്നും ധനകാര്യ മന്ത്രി മുഹമ്മദ് അൽജദ്ആൻ വിശദീകരിച്ചു.


