റോബോട്ടിന് പൗരത്വം നൽകി സൗദി അറേബ്യ

റിയാദ് : റോബോട്ടിന് പൗരത്വം നൽകി സൗദി അറേബ്യ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി നിർമ്മിച്ച സോഫിയ എന്ന ഹ്യൂമനോയ്ഡ് റോബോട്ടിനാണ് സൗദി അറേബ്യ പൗരത്വം നൽകിയത്. ഇതാദ്യമായാണ് ഒരു രാജ്യം റോബോട്ടിന് പൗരത്വം നൽകുന്നത്. സംസാരിക്കാനും വികാരങ്ങൾ പ്രകടിപ്പിക്കാനുമുള്ള കഴിവുള്ള റോബോട്ടാണ് സോഫിയ. സൗദിയിൽ നടക്കുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റിവ് കോൺഫറൻസിൽ വെച്ച് ഇന്നലെയാണ് സോഫിയക്ക് പൗരത്വം നൽകിയത്. ഒരുപ്രമുഖ മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഹാൻസണ് റോബോട്ടിക്സാണ് സോഫിയയുടെ നിർമ്മാതാക്കൾ.
അപൂർവ്വമായ ഈ അംഗീകാരത്തിൽ ഏറെ അഭിമാനം തോന്നുന്നുവെന്നും പൗരത്വം ലഭിക്കുന്ന ആദ്യ റോബോട്ട് ചരിത്രപരമാണെന്നും സോഫിയ പ്രതികരിച്ചു. മനുഷ്യർക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാനാവശ്യമായ കാര്യങ്ങൾക്ക് വേണ്ടി തന്റെ നിർമ്മിത ബുദ്ധി ഉപയോഗിക്കാനാണ് താൽപ്പര്യപ്പെടുന്നത്. ഈ ലോകത്തെ മികച്ച ഒരിടമാക്കി മാറ്റാൻ തന്നെക്കൊണ്ട് സാധിക്കും വിധം പരിശ്രമിക്കുമെന്നും സോഫിയ പറഞ്ഞു. ചടങ്ങിൽ മോഡറേറ്റർ ആൻഡ്ര്യൂ റോസ് സോർക് ചോദിച്ച തൽസമയ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടികളാണ് സോഫിയ നൽകിയത്. ചിരിക്കാനും ദേഷ്യപ്പെടാനുമുള്ള തന്റെ കഴിവും മറുപടികൾക്കിടയിൽ സോഫിയ വെളിപ്പെടുത്തി.