സുഹൃത്തിന് വേണ്ടി മരുന്ന് കൊണ്ടുവന്ന് ജയിലിലായ മലയാളി ഉംറ തീർഥാടകൻ മോചിതനായത് നാലര മാസത്തിനു ശേഷം

ഷീബ വിജയൻ
മക്ക I ഉംറക്ക് വന്നപ്പോൾ സുഹൃത്തിന് വേണ്ടി മരുന്ന് കൊണ്ടുവന്നതിന് പിടിയിലായ മലയാളി നാലു മാസത്തെ ജയിൽവാസത്തിനും ഏഴര മാസത്തെ നിയമക്കുരുക്കിനും ശേഷം നാട്ടിലേക്ക് മടങ്ങി. മലപ്പുറം അരീക്കോട് സ്വദേശി മുസ്തഫ പാമ്പൊടനാണ് ഈ ദുർവിധി അനുഭവിക്കേണ്ടിവന്നത്. ഭാര്യയും രണ്ടു മക്കളുമൊന്നിച്ച് കഴിഞ്ഞ വർഷം ജൂലൈ 24 നാണ് സ്വകാര്യ ഉംറ ഗ്രൂപ്പിന് കീഴിൽ കോഴിക്കോട് നിന്ന് പുറപ്പെട്ടത്. ജിദ്ദയിൽ വിമാനം ഇറങ്ങിയപ്പോൾ സംശയം തോന്നിയ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചു. അളവിൽ കൂടുതൽ മരുന്നുകൾ കൈവശം കണ്ടെത്തിയ കസ്റ്റംസ് മുസ്തഫയെയും കുടുംബത്തെയും ഡ്രഗ് കൺട്രോൾ വിഭാഗത്തിന് കൈമാറി. അറബി ഭാഷാപ്രശ്നം ഉണ്ടായതിനാൽ തങ്ങളുടെ കുറ്റം എന്തെന്ന് മുസ്തഫക്ക് മനസിലായില്ല. മക്കയിലെ ഷറായ ജയിലിലേക്കാണ് മാറ്റിയത്. മലയാളി പരിഭാഷകന്റെ സഹായത്തോടെ നടന്ന നീണ്ട ചോദ്യം ചെയ്യലിലാണ് മുസ്തഫക്ക് കാര്യം പിടികിട്ടുന്നത്. മരുന്ന് സുഹൃത്തിനുള്ളതാണെന്ന് അധികൃതർക്ക് മുമ്പിൽ വെളിപ്പെടുത്തി. ആ സുഹൃത്തിനെയും പൊലീസ് പിടികൂടിയിരുന്നു. രാജ്യത്ത് വിതരണം ചെയ്യാൻ കർശന നിയന്ത്രണമുള്ള മരുന്ന് അധിക അളവിൽ കൊണ്ടുവന്നതായിരുന്നു കേസിനാസ്പദമായത്. കുറ്റം കണ്ടെത്തിയതോടെ 15 ദിവസത്തിന് ശേഷം മുസ്തഫയെയും സുഹൃത്തിനെയും ശുമൈസി ജയിലിലെ മയക്കുമരുന്ന് വിഭാഗം സെല്ലിലേക്ക് മാറ്റി. മക്കയിലെ സുഹൃത്തുക്കളോടൊപ്പംനാട്ടുകാരനും മക്കയിലെ ബിസിനസുകാരനുമായ സുബൈറിന്റെ ഇടപെടലിനെ തുടർന്ന് മുസ്തഫയുടെ ഭാര്യയെയും മക്കളെയും രണ്ടുദിവസത്തിന് ശേഷം മക്ക ഷറായ ജയിലിൽനിന്ന് വിട്ടയച്ചു. ഇവരെ പിന്നീട് നാട്ടിലേക്ക് കയറ്റിവിട്ടു. എന്നാൽ മുസ്തഫ നാലര മാസവും ജയിലിൽ കിടന്നു. അതോടൊപ്പം നടന്ന നിയമനടപടികൾക്കൊടുവിൽ മുസ്തഫക്ക് തന്റെ നിരപരാധിത്വം തെളിയിക്കാനായി. അയൽവാസി മക്കയിലെ സുഹൃത്തിനെ ഏൽപ്പിക്കാൻ നൽകിയതായിരുന്നു മരുന്ന്. പ്രമേഹരോഗികൾ ഉപയോഗിക്കുന്ന ന്യൂറോപതിക് വേദന സംഹാരിയായ ഗാബപൻറിൻ (Gabapentin) എന്ന 180 ഗുളികകളാണ് കവറിലാക്കി കൊടുത്തത്.
ASASAS