വിദേശികൾ നടത്തുന്ന ബിനാമി ബിസിനസിനുള്ള വ്യവസ്ഥകൾ സൗദി കൂടുതൽ കർശ്ശനമാക്കി

റിയാദ് :വിദേശികൾ നടത്തുന്ന ബിനാമി ബിസിനസിനെതിരെ സൗദി നടപടി ശക്തമാക്കുന്നു. ബിനാമി ബിസിനസ് ഇല്ലാതാക്കാൻ കർശന വ്യവസ്ഥകൾക്കാണ് സൗദി വാണിജ്യ, നിക്ഷേപ മന്ത്രാലയം രൂപം നൽകിയിരിക്കുന്നത്. സൗദി ദേശീയ സന്പദ് വ്യവസ്ഥക്ക് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുന്ന ബിനാമി ബിസിനസ് പൂർണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും വാണിജ്യ, നിക്ഷേപ വകുപ്പ് മന്ത്രി ഡോ. മജീദ് ബിൻ അബ്ദുല്ല അൽ ഖസാബി വ്യക്തമാക്കി.
സൗദിയിൽ ബിനാമി ബിസിനസ് ഏറ്റവും കൂടുതൽ ചില്ലറ വ്യാപാരികളിലാണ്. ഗ്രോസറി ഷോപ്പുകൾ, ബൂഫിയകൾ, മിനിമാർക്കറ്റുകൾ, തുണിക്കടകൾ തുടങ്ങിയ ബഹുഭൂരിപക്ഷം സ്ഥാപനങ്ങളും സ്വദേശികളുടെ സഹകരണത്തോടെ വിദേശികൾ ബിനാമിയായി നടത്തുന്നവയാണ്. സ്വദേശി പൗരന്മാർ സഹകരിക്കുന്നതാണ് ബിനാമി ബിസിനസുകൾ കണ്ടുപിടിക്കാൻ കഴിയാതെ വരുന്നത്.
ഈ സാഹചര്യത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ എ.ടി.എം കാർഡ് സ്വൈപ്പിംഗ് ഉപകരണം ഉൾപ്പെടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുന്ന പോയിന്റ് ഓഫ് സെയിൽ സംവിധാനം നിർബന്ധമായി നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. ആദ്യ ഘട്ടത്തിൽ വൻകിട സ്ഥാപനങ്ങൾക്കും തുടർന്നു ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്കും ഇത് നിർബന്ധമാക്കും.
മുഴുവൻ വ്യാപാര സ്ഥാപനങ്ങൾക്കും ബാങ്ക് അക്കൗണ്ട് നിർബന്ധമാക്കും. ബിനാമി സ്ഥാപനങ്ങൾ നടത്തുന്ന വിദേശികൾക്ക് ബാങ്ക് അക്കൗണ്ടുകൾ വഴി ദൈനംദിന ഇടപാടുകൾ എളുപ്പമാകില്ലെന്നാണ് വാണിജ്യ മന്ത്രാലയത്തിന്റെ കണക്കു കൂട്ടൽ. അധ്വാനവും പണം മുടക്കും ഇല്ലാതെ സാന്പത്തിക നേട്ടം ലഭിക്കുമെന്നതിനാൽ സ്വദേശികൾ ബിനാമി ബിസിനസുകൾക്ക് കൂട്ടുനിൽക്കും. ഇവർ നിയമാനുസൃത രേഖകൾ സൂക്ഷിക്കുന്നതിനാൽ ബിനാമി ബിസിനസുകൾ കണ്ടെത്തുക എളുപ്പമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.