ഗതാഗത നിയമലംഘനം പിടികൂടാൻ ഷാർജയിൽ സഞ്ചരിക്കുന്ന ക്യാമറകൾ വ്യാപകമാക്കുന്നു

ഷാർജ : ഗതാഗത നിയമലംഘകരെ പിടികൂടാൻ ഷാർജയിൽ സഞ്ചരിക്കുന്ന ക്യാമറകൾ വ്യാപകമാക്കുന്നു. മലീഹ റോഡ്, ദൈദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡുകളിലാണ് താൽക്കാലിക ക്യാമറകൾ സ്ഥാപിക്കുന്നത്. എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലായി 30 പുതിയ ക്യാമറകൾ സ്ഥാപിച്ചുകഴിഞ്ഞു.
അമിത വേഗത്തിലോടിക്കുന്നവരെയും മതിയായ അകലം പാലിക്കാത്തവരെയും പിടികൂടാനാണ് പ്രധാനമായും ഇത്തരം ക്യാമറകൾ ഉപയോഗിക്കുക. നിശ്ചിത വേഗപരിധിക്ക് താഴെ വാഹനമോടിക്കുന്നതുൾപ്പെടെ മറ്റു നിയമലംഘനങ്ങളും പകർത്തും. നിർദിഷ്ട സമയത്തും ലൈനിലും ഓടിക്കാത്ത വലിയ വാഹനങ്ങളുടെ നിയമലംഘനവും രേഖപ്പെടുത്തും. നടപ്പാതയിലൂടെ വാഹനമോടിക്കുന്നവരും കുടുങ്ങും. ഒരേസമയം ഇരുദിശകളിലെയും ഒന്നിലധികം ലെയ്നുകളിലെ നിയമ ലംഘനങ്ങൾ പകർത്താൻ ശേഷിയുള്ള അത്യാധുനിക ക്യാമറകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
3ജി സാങ്കേതിക വിദ്യയുള്ള ഈ ക്യാമറകൾ പകർത്തുന്ന നിയമലംഘന ദൃശ്യങ്ങൾ അതതു സമയങ്ങളിൽ പോലീസിന് കൈമാറും. അപകടവും മരണവും കുറച്ച് ഗതാഗത സുരക്ഷ ഉറപ്പു വരുത്തുക എന്ന ദേശീയ നയത്തിന്റെ ഭാഗമായാണ് നിയമം കർക്കശമാക്കുന്നതെന്ന് ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ് ബ്രിഗേഡിയർ സെസെയ്‌ഫ് അൽ സിരി അൽ ഷംസി പറഞ്ഞു.
കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മലീഹ റോഡ്, അൽ ഇത്തിഹാദ് റോഡ്, ദെയ്ദ് റോഡ്, എമിറേറ്റ്സ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡുകളിലാണ് നിരീക്ഷണം ശക്തമാക്കുന്നത്. ഈ വർഷം ആദ്യ മൂന്നു മാസത്തിനിടെ ഈ റോഡുകളിലുണ്ടായ അപകടങ്ങളിൽ അഞ്ചുപേർ മരിച്ചിരുന്നു. അപകടം കുറയ്ക്കുന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് റോഡുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നുണ്ടെന്നും അൽ ഷംസി കൂട്ടിച്ചേർത്തു.