സൗദി അറേബ്യയിൽ നെറ്റ് കോളുകൾക്കുള്ള വിലക്ക് നീങ്ങുന്നു

റിയാദ് : സൗദിയിൽ ഇന്റർനെറ്റ് വഴിയുള്ള വീഡിയോ വോയിസ് കോളുകൾക്കുള്ള വിലക്ക് നീങ്ങുന്നു. ഈ നിയന്ത്രണം അടുത്ത ബുധനാഴ്ച മുതൽ ഒഴിവാക്കുമെന്ന് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഐ.ടി മന്ത്രി അബ്ദുള്ള ബിൻ ആമിർ അല സവാഹ അറിയിച്ചു. ഇന്റർനെറ്റ് വഴിയുള്ള വീഡിയോ കോളുകൾക്കും വോയിസ് കോളുകൾക്കുംനിലവിൽ സൗദിയിൽ നിയന്ത്രണമുണ്ട്.
വാട്സ് ആപ്പ്, സ്കൈപ്പ്, വൈബർ തുടങ്ങിയ മൊബൈൽ ആപ്പുകളിലെ വീഡിയോ − വോയിസ് കോളുകൾ ഇനി സൗദിയിലും ലഭ്യമായിരിക്കും. സേവനദാതാക്കളുമായി മന്ത്രാലയം പ്രതിനിധികൾ ഇത് സംബന്ധിച്ച് ചർച്ച നടത്തി. ഉപയോക്താക്കൾക്ക് ഗുണനിലവാരമുള്ള സേവനം ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തും. ഏറ്റവും പുതിയ ടെക്നോളജി വഴി മെച്ചപ്പെട്ട സേവനം നൽകുന്നതിന് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷനും, ടെലകോം കന്പനികൾക്കും മന്ത്രി നന്ദി പറഞ്ഞു.
2015 മാർച്ച് 15−നാണ് സൗദിയിൽ വാട്സ് ആപ്പ് കോളുകൾക്ക് വിലക്കേർപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഏതാനും ദിവസങ്ങൾ ഈ വിലക്ക് നീക്കിയിരുന്നെങ്കിലും വീണ്ടും നിയന്ത്രണം കൊണ്ടുവന്നു. സ്മാർട്ട് ഫോണും സോഷ്യൽ മീഡിയകളും ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ വർദ്ധനവുള്ള രാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യ. ഇന്റർനെറ്റ് കോളുകൾക്കുള്ള വിലക്ക് നീക്കുന്നത് പ്രവാസികൾക്ക് ഏറെ ഗുണം ചെയ്യും.