കാഴ്ച്ചയുടെ വിരുന്നൊരുക്കി കല കുവൈറ്റ് ഓണാഘോഷം


കുവൈറ്റ് സിറ്റി : കാഴ്ച്ചയുടെ വിരുന്നൊരുക്കി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഓണാഘോഷം സംഘടിപ്പിച്ചു. വ്യത്യസ്തവും, പുതുമയുള്ളതുമായ വിവിധ  കലാ പരിപാടികൾ രണ്ടിടങ്ങളിലായി നടന്ന ഓണാഘോഷ പരിപാടിയിൽ അവതരിപ്പിക്കപ്പെട്ടു. ഫിന്റാസ്  കോ-ഓപ്പറേറ്റീവ് ഹാളിൽ വെച്ച് നടന്ന ഫഹാഹീൽ-അബു ഹലീഫ മേഖലകളുടെ ആഘോഷ പരിപാടികൾ ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രട്ടറി കൃഷ്‌ണകുമാർ പഹേൽ  ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് പ്രസിഡന്റ് സി.എസ്.സുഗതകുമാർ  അധ്യക്ഷത വഹിച്ച ചടങ്ങിന് സ്വാഗതസംഘം ജനറൽ കൺവീനർ ടി.വി.ജയൻ സ്വാഗതം ആശംസിച്ചു. കേരള പ്രവാസി ക്ഷേമ നിധി ബോർഡ് ഡയറക്ടർ എൻ.അജിത്കുമാർ, കല കുവൈറ്റ് ജോ:സെക്രട്ടറി പ്രസീത് കരുണാകരൻ, വനിതാവേദി പ്രസിഡന്റ് ശാന്ത ആർ.നായർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കല കുവൈറ്റ് അബുഹലീഫ മേഖലാ പ്രസിഡന്റ്  നന്ദി രേഖപ്പെടുത്തി. കല കുവൈറ്റ് അബുഹലീഫ മേഖലാ ആക്ടിങ് സെക്രട്ടറി നാസർ കടലുണ്ടി, ഫഹാഹീൽ മേഖലാ പ്രസിഡന്റ് രഹീൽ കെ.മോഹൻദാസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
 
ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച് നടന്ന അബ്ബാസ്സിയ-സാൽമിയ മേഖലകളുടെ ഓണാഘോഷം കുവൈറ്റിലെ മുതിർന്ന സാമൂഹിക സാംസ്കാരിക പ്രവർത്തകൻ ജോൺ മാത്യു ഉദ്ഘാടനം ചെയ്തു. കുവൈറ്റ് മലയാളി സമൂഹത്തിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ പ്രവർത്തകർ പങ്കെടുത്ത ഉദ്ഘാടന ചടങ്ങിന് കല കുവൈറ്റ് പ്രസിഡന്റ് സി.എസ്.സുഗതകുമാർ അധ്യക്ഷത വഹിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ.സജി സ്വാഗതമാശംസിച്ചു. പ്രവാസി ക്ഷേമ നിധി ബോർഡ് ഡയറക്ടർ എൻ.അജിത് കുമാർ, വനിതാവേദി ജനറൽ സെക്രട്ടറി ടോളി പ്രകാശ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കല കുവൈറ്റ് ട്രഷറർ രമേശ് കണ്ണപുരം, അബ്ബാസിയ മേഖല സെക്രട്ടറി മൈക്കിൾ ജോൺസൺ, സാൽമിയ മേഖല സെക്രട്ടറി അരുൺ കുമാർ  എന്നിവർ സംബന്ധിച്ചു. കേന്ദ്ര കമ്മിറ്റി അംഗം സണ്ണി സൈജേഷ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
 
സാംസ്കാരിക ഘോഷയാത്രയോടുകൂടിയാണ് രണ്ടിടങ്ങളിലും ഓണാഘോഷ പരിപാടികൾ ആരംഭിച്ചത്. ചെണ്ടമേളവും, പുലികളിയും, വഞ്ചിപ്പാട്ടും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. ഓണത്തോടനുബന്ധിച്ച് കല കുവൈറ്റ് പ്രവർത്തകർ തന്നെ ഒരുക്കിയ ഓണസദ്യ ഏവരുടേയും പ്രശംസ പിടിച്ചുപറ്റി. 3000 ഓളം പേരാണ് രണ്ടിടങ്ങളിലായി ഓണസദ്യ കഴിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി കല കുടുംബാംഗങ്ങളുടെ വിവിധയിനം കലാ പരിപാടികൾ വേദിയിൽ അരങ്ങേറി. അബുഹലീഫ-ഫഹാഹീൽ ഓണാഘോഷത്തിൽ അവതരിപ്പിക്കപ്പെട്ട മെഗാ തിരുവാതിരയും, മെഗാ കേരള നടനവും പ്രേക്ഷക ശ്രദ്ധയാകർഷിച്ചു.  നൂറോളം പേരാണ് ഈ മെഗാ നൃത്ത പരിപാടിയിൽ പങ്കാളികളായത്. കുട്ടികൾക്കും മുതിർന്നവർക്കുമായി ഓണപ്പൂക്കളവും, വിവിധ കായിക മത്സരങ്ങളും ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

പരിപാടിയുടെ സുഗമമായ നടത്തിപ്പിന് മേഖലാടിസ്ഥാനത്തിൽ വിപുലമായ സ്വാഗതസംഘം കമ്മിറ്റിയാണ് പ്രവർത്തിച്ചിരുന്നത്.

You might also like

Most Viewed