സൗദിയിൽ കടകളിലെ വനിതാ വൽക്കരണത്തിന്റെ മൂന്നാം ഘട്ടം ഒക്ടോ. 21 മുതൽ പ്രാബല്യത്തിൽ വരും

റിയാദ് : സൗദിയിൽ കടകളിലെ വനിത വൽക്കരണത്തിന്റെ മൂന്നാം ഘട്ടം ഒക്ടോബർ 21 മുതൽ പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ മന്ത്രാലയം വക്താവ് ഖാലിദ് അബൽഖൈൽ അറിയിച്ചു.നേരത്തെ പുതിയ ഹിജ്റ വർഷം ആദ്യം മുതൽ നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്ന തെങ്കിലും ഒരു മാസം വൈകി സഫർ ആദ്യം (ഒക്ടോബർ 21) മുതൽ നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു. സ്ഥാപന ഉടമകൾക്ക് കൂടുതൽ മുന്നൊരുക്കത്തിന് ഒരു മാസത്തെ വൈകിക്കൽ സഹായകരമാവുമെന്നും സ്വദേശി യുവതികൾക്കിടയിലെ തൊഴിലില്ലായ്മ കുറയ്ക്കാൻ പുതിയ തീരുമാനം കാരണമാവുമെന്നും മന്ത്രാലയ വക്താവ് പ്രത്യാശ പ്രകടിപ്പിച്ചു. സ്ത്രീകളുടെ വസ്ത്രങ്ങളും സൗന്ദര്യവർദ്‍ധക വസ്തുക്കളും വിൽപ്‍പന നടത്തുന്ന കടകളിൽ കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കിയ വനിതവൽക്കരണം വിജയം കണ്ടിരുന്നു.
സ്ത്രീകളുടെ വസ്ത്രങ്ങൾക്ക് പുറമെ, സ്ത്രകൾ ഉപയോഗിക്കുന്ന ഇതര വസ്തുക്കൾ വിൽപ്‍പന നടത്തുന്ന കടകളിലും മൂന്നാം ഘട്ടത്തിൽ വനിത വൽക്കരണം നടപ്പാക്കും. സ്ത്രീകൾക്കുള്ള സ്പ്രേ കടകൾ, കല്യാണ വസ്ത്രങ്ങൾ, രാത്രി ധരിക്കുന്ന വസ്ത്രങ്ങൾ, ചെരിപ്പുകൾ, ബാഗുകൾ, സോക്സുകൾ തുടങ്ങിയ വസ്തുക്കൾ വിൽപ്‍പന നടത്തുന്ന കടകളിലും സ്ത്രീകളെ നിയമിക്കണം. മാതൃ, ശിഷു സംരക്ഷണ വസ്തുക്കൾ, സൗന്ദരവർദ്ധക വസ്തുക്കൾ എന്നീ കടകളിലും സ്വദേശി സ്ത്രീകളെ നിയമിച്ചിരിക്കണം. ഷോപ്പിംഗ് മാളുകൾക്കകത്തും പുറത്തുമുള്ള കടകൾക്കും ഒറ്റപ്പെട്ട കെട്ടിടത്തിലുള്ള സ്ഥാപനങ്ങൾക്കും ഈ ഘട്ടത്തിൽ നിയമം ബാധകമാണ്.