ഒമാനിൽ നിന്ന് സ്പെയർ പാർട്സ് ഇറക്കുമതി ചെയ്യാനൊരുങ്ങി ഖത്തർ
ദോഹ : വാഹനങ്ങളുടെ സ്പെയർ പാർട്ടുകൾ ഒമാനിൽ നിന്ന് ഇറക്കുമതി ചെയ്യാൻ ഖത്തറിലെവ്യാപാരികളുടെ തീരുമാനം. ഖത്തറിനോട് അടുത്തു കിടക്കുന്നുവെന്നതാണ് ഒമാനിൽ നിന്ന് വാഹന സ്പെയർ പാർട്ടുകളുടെ ഇറക്കുമതി വർദ്ധിപ്പിക്കാൻ പ്രധാന കാരണം. ഉപരോധത്തിന് ശേഷം ഖത്തറുമായി ഏറ്റവുമധികം വ്യാപാര ഇടപാടുകൾ നടത്തുന്ന രാജ്യമാണ് ഒമാൻ.
രാജ്യത്തിന്റെ എണ്ണയിതരകയറ്റുമതിയുടെ പ്രധാന ഭാഗം ഒമാനിലേക്കാണ്. നേരത്തേ ദുബൈ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഇറക്കുമതി കന്പനികളെല്ലാം ഇപ്പോൾ ഒമാനിൽ നിന്നുള്ള ഇറക്കുമതിയിലേക്കു ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. ഒമാനിലെ തുറമുഖങ്ങളിൽ നിന്ന് ഹമദ് തുറമുഖത്തേക്ക് നേരിട്ട് കപ്പൽ സർവ്വീസുകൾ ആരംഭിച്ചതും ഇറക്കുമതി വർദ്ധിപ്പിക്കാൻ സഹായകമാണ്. ഒമാനിൽ നിന്നു വലിയ കണ്ടെയ്നറുകളുമായി എത്തുന്ന കപ്പലുകൾക്ക് തിരിച്ചു പോകുന്പോൾ ഖത്തറിൽ നിന്നുള്ള സാധനങ്ങൾ കൊണ്ടു പോകാനും കഴിയുമെന്നതിൽ ഇറക്കുമതി ചിലവിൽ കുറവുണ്ടാവും.
നിലവിൽ ആവശ്യത്തിനുള്ള വാഹന സ്പെയർ പാർട്ടുകളെല്ലാം സ്റ്റോക്കുണ്ടെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. എങ്കിലും പുതിയ വിപണിയിൽ നിന്ന് സാധനങ്ങൾ ഇറക്കുമതി ചെയ്യാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്കുള്ളിൽ പുതിയതായി ഇറക്കുമതി ചെയ്ത സ്പെയർ പാർട്ടുകൾ വിപണിയിലെത്തിക്കാനാവുമെന്നാണു വ്യാപാരികളുടെ പ്രതീക്ഷ.

