ഏജന്റിന്റെ ചതിയിൽപ്പെട്ട് സൗദിയിൽ കുടുങ്ങിയ മലയാളി യുവതി നാട്ടിലേയ്ക്ക് മടങ്ങി

റിയാദ് : ഏജന്റിന്റെ ചതിയിൽപ്പെട്ട് സൗദിയിൽ ജോലിയ്‌ക്കെത്തി ദുരിതത്തിലായ വീട്ടുജോലിക്കാരി നാട്ടിലേയ്ക്ക് മടങ്ങി. മലയാളിയും കർണ്ണാടക കുർഗ്ഗിലെ താമസക്കാരിയുമായ ശുഭയാണ് നവയുഗം സാംസ്കാരിക വേദിയുടെയും, വനിതാ അഭയകേന്ദ്രം അധികൃതരുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങിയത്.
നാട്ടിൽ രണ്ടു കുട്ടികളുമായിജീവിച്ചിരുന്ന ശുഭയെ ഭർത്താവ് ഉപേക്ഷിച്ചതോടെയാണ്, അവരുടെ ജീവിതത്തിലെ ദുരിതങ്ങൾ തുടങ്ങിയത്. ഭർത്താവ് വരുത്തിവെച്ച സാന്പത്തിക ബാധ്യത
തീർക്കാനാണ് പ്രവാസ ജീവിതം സ്വീകരിക്കാൻ ശുഭ തീരുമാനിച്ചത്.
അത് കൊണ്ട് തന്നെ, നാട്ടിലെ പരിചയക്കാരനായ ഒരു ട്രാവൽ ഏജന്റ്, ദുബൈയിൽ ഒരു സൂപ്പർമാർക്കറ്റിൽ ജോലി വാഗ്ദാനം ചെയ്തപ്പോൾ, രണ്ടാമതൊന്നും ആലോചിയ്ക്കാതെ ശുഭ അത് സ്വീകരിച്ചത്. നല്ലൊരു തുക സർവ്വീസ് ചാർജ്ജായി ഏജന്റ് വാങ്ങുകയും ചെയ്തു. അങ്ങനെ ആദ്യം ഏജന്റ് നൽകിയ വിസിറ്റിങ് വിസയിൽ ദുബൈയിൽ എത്തിയ ശുഭയെ, പിന്നീട് അറ
ബിയായ മറ്റൊരു ഏജന്റ് സൗദിയിലേക്ക് കടത്തുകയായിരുന്നു.
അൽ കാസിമിലുള്ള ഒരു സൗദി ഭവനത്തിൽ വീട്ടുജോലിക്കാരിയായി ജോലി ചെയ്യാനാണ് തന്നെ കൊണ്ട് വന്നതെന്ന് ശുഭ ഒടുവിലാണ് മനസ്സിലാക്കിയത്. ചതി പറ്റിയെങ്കിലും, കുടുംബത്തിന്റെ അവസ്ഥ ഓർത്ത് എങ്ങനെയും ഈ ജോലിയിൽ പിടിച്ചു നിൽക്കാനായിരുന്നു അവർ ശ്രമിച്ചത്.
നാല് മാസങ്ങൾ കഴിഞ്ഞപ്പോൾ, ജോലി ചെയ്ത സ്ഥലത്തെ മാനസികപീഢനങ്ങൾ സഹിയ്ക്കാനാകാതെ ശുഭ, ചില നാട്ടുകാരുടെ സഹായത്തോടെ സൗദി പോലീസിൽ അഭയം തേടി. പോലീസ് അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തിൽ എത്തിച്ചു.
തുടർന്ന് നവയുഗം പ്രവർത്തകരുടെയും, വനിതാ അഭയകേന്ദ്രം അധികൃതരുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു.