ഖത്തറില്‍ പകര്‍ച്ചപനി പടരുന്നു


ദോഹ: ഖത്തറില്‍ തണുപ്പിന്‍െറ വരവറിയിച്ചതോടെ രാജ്യത്ത് പകര്‍ച്ചപനി പടർന്നു തുടങ്ങി. രോഗപ്രതിരോധശേഷി കുറവുള്ളവര്‍ പനി വരുന്നതിന് മുന്‍കരുതലായി പ്രതിരോധ കുത്തിവെപ്പെടുക്കണമെന്ന് പ്രീം ആരോഗ്യ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് ഖത്തറിലെ പകര്‍ച്ചപ്പനിയുടെ കാലയളവ്. കൂടുതല്‍ ഖത്തര്‍ നിവാസികള്‍ക്ക് പ്രതിരോധ മരുന്ന് നല്‍കുന്നതിനായി ഈ വര്‍ഷം 70,000 മുതല്‍ 105,000 കുത്തിവെപ്പ് മരുന്നുകളാണ് എസ്.സി.എച്ച് ഒരുക്കിയതെന്ന് സുപ്രീം ആരോഗ്യ കൗണ്‍സില്‍ ഹെല്‍ത്ത് ഡയറക്ടര്‍ ഡോ. ഹമദ് ഈദ് അല്‍ റുമൈഹി പറഞ്ഞു.

പനി മാരകമായാല്‍ മരണത്തിന് വരെ കാരണമായേക്കാവുന്ന ഇത്തരം പകര്‍ച്ചപ്പനിക്കെതിരെ കുത്തിവെപ്പിലൂടെ പ്രതിരോധ നടപടിയെടുക്കാവുന്നതുമാണ്. നിരവധി സ്വകാര്യ ആശുപത്രികളിലും കുത്തിവെപ്പിനുള്ള സൗകര്യമുണ്ട്. ദോഹ ക്ലീനിക്ക്, അല്‍ അഹ്ലി ഹോസ്പിറ്റല്‍, ഫ്യൂച്ചര്‍ മെഡിക്കല്‍ സെന്‍റര്‍, ക്വീന്‍ മെഡിക്കല്‍ സെന്‍റര്‍ (വില്ലാജിയോ), ആസ്റ്റര്‍ മെഡിക്കല്‍ സെന്‍റര്‍ എന്നിവിടങ്ങളില്‍ കുത്തിവെപ്പ് ലഭ്യമാണ്. ആരോഗ്യപ്രവര്‍ത്തകര്‍, 65 വയസ് കവിഞ്ഞവര്‍, പ്രമേഹം, ഹൃദ്രോഗം, കരള്‍ രോഗം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ആറ് മാസത്തിനും അഞ്ച് വയസിനും ഇടയിലുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, തുടര്‍ച്ചയായി യാത്ര ചെയ്യുന്നവര്‍, തീര്‍ഥാടനങ്ങള്‍ക്ക് തിരിക്കുന്നവര്‍ എന്നിവരെല്ലാം പ്രതിരോധ കുത്തിവെപ്പെടുക്കുന്നത് നല്ലതാണെന്ന് അല്‍ റുമൈഹി പറഞ്ഞു.

ഇന്‍ഷൂറന്‍സ് മെഡിക്കല്‍ കാര്‍ഡുള്ളവര്‍ക്ക് ഇത് സൗജന്യവും അല്ലാത്തവര്‍ ഏകദേശം 450 ഖത്തര്‍ റിയാലും കുത്തിവെപ്പിന് നല്‍കേണ്ടിവരും. പ്രതിരോധ കുത്തിവെപ്പുകള്‍ സുരക്ഷിതമാണെന്നും പാര്‍ശ്വഫലങ്ങളില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

You might also like

Most Viewed