പാര്‍ലമെന്റ് ശീതകാല സമ്മേളനം 26ന് ആരംഭിക്കും

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിന് ഈമാസം 26ന് തുടക്കമാവും. അടുത്തമാസം 23ന് സമ്മേളനം അവസാനിക്കും. തിങ്കളാഴ്ച പാര്‍ലമെന്ററികാര്യ മന്ത്രിസഭാ സമിതി (സി.സി.പി.എ) യുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.
ജി.എസ്.ടി ബില്ല് ഉള്‍പ്പെടെയുള്ള സുപ്രധാന ബില്ലുകള്‍ പാസാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച യോഗം, സഭയുടെ സുഗമമായ നടത്തിപ്പിനു പ്രതിപക്ഷ സഹകരണവും അഭ്യര്‍ഥിച്ചു. ഭൂമിയേറ്റെടുക്കല്‍ ഭേദഗതി, റിയല്‍ എസ്‌റ്റേറ്റ് ഭേദഗതി തുടങ്ങിയ ബില്ലുകളാണ് പാര്‍ലമെന്റിന്റെ അംഗീകാരത്തിനായി കാത്തിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ദാദ്രി സംഭവം, ഫരീദാബാദിലെ ദലിത് കൊലകള്‍, വര്‍ധിച്ചുവരുന്ന അസഹിഷ്ണുത, ബി.ജെ.പി മുന്‍ നേതാവും കോളമിസ്റ്റുമായ സുധീന്ദ്രകുല്‍ക്കര്‍ണിക്കും കശ്മീര്‍ എം.എല്‍.എ എന്‍ജിനീയര്‍ റഷീദിനും നേരെയുണ്ടായ കരിഓയില്‍ പ്രയോഗം, ബീഫ് വിവാദം തുടങ്ങിയ നിരവധി വിഷയങ്ങള്‍ പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും.