ഡെലിവറി കമ്പനികൾ സർവീസ് നിരക്ക് കൂട്ടിയാൽ 10 ലക്ഷം റിയാല്‍ പിഴ

വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഡെലിവറി കമ്പനികൾ സര്‍വീസ് നിരക്ക് വര്‍ധിപ്പിക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം നല്‍കി ഖത്തര്‍. ബൈക്കുകളില്‍ ഡെലിവറി നടത്തുന്നതിന് 10 റിയാലും മറ്റ് വാഹനങ്ങളില്‍ 20 റിയാലും മാത്രമേ സര്‍വീസ് നിരക്ക് ഈടാക്കാന്‍ പാടുള്ളുവെന്നാണ് നിര്‍ദ്ദേശം. നിലവിലെ സേവനങ്ങളും വിപണനത്തിനും ഡെലിവറിക്കുമുള്ള സര്‍വീസ് നിരക്കുകള്‍ മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്. ഇതു പ്രകാരം ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചാല്‍ 10 ലക്ഷം റിയാല്‍ വരെ പിഴ ഈടാക്കുകയും സ്ഥാപനം അടച്ചിടുകയും ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്.
ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിച്ചു കൊണ്ട് മിതമായ നിരക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളുവെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. റസ്റ്റോറന്റുകള്‍, കഫേകള്‍, കഫ്തീരിയകള്‍, ഷോപ്പുകള്‍, പ്രധാന വില്‍പന ശാലകള്‍ തുടങ്ങി എല്ലാവര്‍ക്കും നിര്‍ദേശങ്ങള്‍ ബാധകമാണ്. ഡെലിവറി കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടുന്ന വാണിജ്യ ശാലകള്‍ മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ തുക വ്യവസ്ഥ ചെയ്യാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. നിയമ ലംഘനങ്ങള്‍ ശ്രദ്ധയിൽപ്പെട്ടാൽ 16001 എന്ന നമ്പറിൽ വിളിച്ച് അധികൃതരെ അറിയിക്കേണ്ടതാണ്.