നിക്ഷേപ നിയമങ്ങൾ സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തി : ഖത്തർ വാണിജ്യ മന്ത്രി

ദോഹ : ദേശീയ സന്പദ്‌വ്യവസ്ഥയ്‌ക്കു കൂടുതൽ സംഭാവന നൽകാൻ കഴിയുംവിധം സ്വകാര്യമേഖലയെ ശക്തിപ്പെടുത്താൻ ഖത്തർ ഒട്ടേറെ നിയമങ്ങൾ നടപ്പാക്കിയെന്നും ഇതു രാജ്യത്തേക്കു കൂടുതൽ വിദേശനിക്ഷേപം എത്തിച്ചതായും സാന്പത്തിക വാണിജ്യമന്ത്രി ഷെയ്‌ഖ് അഹ്‌മദ് ബിൻ ജാസിം ബിൻ മുഹമ്മദ് അൽതാനി പറഞ്ഞു.
നൂറുശതമാനം വിദേശ മുതൽമുടക്കിൽ വാണിജ്യ, വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനുൾപ്പെടെയുള്ള നിയമങ്ങളാണ് ഖത്തർ വാണിജ്യ വകുപ്പ് നടപ്പാക്കിയത്. പൊതു, സ്വകാര്യമേഖലകളെ പരസ്‌പരം സഹകരിപ്പിച്ചു നടപ്പാക്കിയ സാന്പത്തിക വൈവിധ്യ വൽക്കരണ പദ്ധതികൾ വിജയം കണ്ടു.
കഴിഞ്ഞ സാന്പത്തിക വർഷം ജി.ഡി.പിയുടെ 70 ശതമാനവും എണ്ണ, പ്രകൃതിവാതക ഇതരമേഖലയുടെ സംഭാവനയായിരുന്നു. ഉദാരമായ നിക്ഷേപ നിയമങ്ങളിലൂടെ സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തിയതിനാലാണ് ഈ നേട്ടം കൈ വരിക്കാനായതെന്നും വാണിജ്യമന്ത്രി വ്യക്തമാക്കി.
വിദേശ കന്പനികളെ പ്രവർത്തനം തുടങ്ങുന്ന തീയതിമുതൽ 10 വർഷത്തേക്ക് ആദായനികുതിയിൽ നിന്ന് ഒഴിവാക്കിയും ഇറക്കുമതി ചെയ്യുന്ന വൻ യന്ത്ര സാമഗ്രികൾക്കും ഘടകഭാഗങ്ങൾക്കും നികുതി ചുമത്താതെയും ലാഭവിഹിതം വിദേശത്തേക്കു മാറ്റാൻ അനുമതി നൽകിയുമൊക്കെയാണ് സ്വകാര്യമേഖലയിലേക്കു കൂടുതൽ മൂലധനമെത്തിച്ചത്.
ഈ ഉദാരവൽക്കരണ നടപടികളെല്ലാം ഉപരോധപശ്ചാത്തലത്തിൽ ഖത്തറിന് ഏറെ സഹായകമായെന്നും മന്ത്രി വിശദീകരിച്ചു.