അതിവേഗം കുറയ്ക്കാൻ മൊബൈൽ റഡാറുകൾ ഫലപ്രദമാണെന്ന് -ഖത്തർ ഗതാഗത വകുപ്പ്

ദോഹ : അമിതവേഗം ഉൾപ്പെടെയുള്ള ലംഘനങ്ങൾ കുറയ്ക്കാൻ മൊബൈൽ റഡാറുകൾ ഫലപ്രദമാണെന്ന് ഗതാഗതവകുപ്പ് അറിയിച്ചു.ഫിക്‌സഡ് റഡാറുകളേക്കാൾ മൊബൈൽ റഡാറുകളാണ് അതിവേഗവുമായി ബന്ധപ്പെട്ട ലംഘനങ്ങൾ കുറയ്ക്കാൻ ഏറെ ഫലപ്രദം. മൊബൈൽ റഡാറുകളുടെ എണ്ണം വർദ്ധിപ്പിക്കാനും റഡാറുകൾ തമ്മിലുള്ള അകലം രണ്ടരക്കിലോമീറ്ററാക്കി കുറയ്ക്കാനുമുള്ള ജോലികൾ പുരോഗമിക്കുന്നുണ്ടെന്നും ഗതാഗത ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് സാദ് അൽഖർജി പറഞ്ഞു. നിലവിൽ റഡാറുകൾ തമ്മിൽ അഞ്ച് കിലോമീറ്ററാണ് അകലം. ഇത് വാഹനസഞ്ചാരികൾക്ക് വേഗം കൂട്ടാനുള്ള അവസരം നൽകും. എന്നാൽ റഡാറുകൾ തമ്മിലുള്ള അകലം കുറയ്ക്കുന്നതോടെ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കപ്പെടുമെന്ന് അൽ ഖർജി പറഞ്ഞു.
ഏത് റോഡിലും മൊബൈൽ റഡാറുകൾ വാഹനസഞ്ചാരികൾ പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ റഡാറുകളെ ഭയന്ന് വേഗം കുറയ്ക്കുകയും ചെയ്യും. സ്ട്രീറ്റുകളിലെ വേഗപരിധിയെക്കുറിച്ച് മന്ത്രാലയത്തിലെ പ്രത്യേക കമ്മിറ്റി പൊതുമരാമത്ത് വകുപ്പുമായി സഹകരിച്ച് പഠനം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെയാണ് വലതുവശത്തുകൂടി വാഹനങ്ങളെ മറികടക്കുന്നതിനുള്ള പിഴ അഞ്ഞൂറിൽനിന്ന് ആയിരമായും അംഗപരിമിതിയുള്ളവരുടെ പാർക്കിംഗ് സ്ഥലം കൈയേറുന്നതിനുള്ള പിഴ അഞ്ഞൂറിൽ നിന്ന് ആയിരമാക്കി ഉയർത്തിയത്.
തദ്ദേശീയമായി നിർമിക്കുന്ന റഡാറുകൾക്ക് രാജ്യത്തെ കാലാവസ്ഥയ്ക്ക് അനുസൃതമായി മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമോയെന്നത് പരിശോധിച്ചു വരികയാണ്. അതിവേഗമാണ് അപകടങ്ങൾക്ക് കാരണമെന്നും ചെറുപ്പക്കാർ ഗതാഗത നിയമം ബഹുമാനിക്കണമെന്നും അതിവേഗം നിയന്ത്രിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.