സൗദിയിൽ 50000 കോടി ഡോളറിന്റെ വികസനപദ്ധതി പ്രഖ്യാപിച്ചു

ജിദ്ദ : സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സൗദി അറേബ്യയെ ലോകത്തിന്റെ സംഗമ കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ 50,000 കോടി ഡോളറിന്റെ വികസനപദ്ധതി പ്രഖ്യാപിച്ചു.
‘നിയോങ്കൺ ഫൗട്ടക്ക’ എന്നപേരിലുള്ള പദ്ധതി ചെങ്കടൽതീരത്ത് 26,500 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലായിരിക്കും നടപ്പാക്കുക. പൂർണമായും ഡിജിറ്റൽ അന്തരീക്ഷത്തിലുള്ള പദ്ധതി രാജ്യത്തിന്റെ തെക്ക്−പടിഞ്ഞാറ്് പ്രവിശ്യകളിലാണ് വരുന്നത്. ഊർജം, ജലം, ഗതാഗതം, ജൈവ സാങ്കേതികത, ഭക്ഷ്യം, ഡിജിറ്റൽ സാങ്കേതികശാസ്ത്രം, നിർമാണമേഖല, വാർത്താവിനിമയം, വിനോദം തുടങ്ങി ഒന്പത് മേഖലകളിലായിരിക്കും പദ്ധതി കേന്ദ്രീകരിക്കുക.
സാന്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടുക, പുത്തൻ വ്യാവസായിക സംരംഭങ്ങൾക്ക് സൗകര്യമൊരുക്കുക, ലോകോത്തര നിലവാരത്തിൽ പ്രാദേശിക ഉത്പന്നങ്ങൾ വിപണിയിലിറക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, പ്രാദേശിക ഉത്പാദനശേഷി വർധിപ്പിക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യമാണ്.
രാജ്യത്തിനകത്തും പുറത്തുമുള്ള വൻകിട നിക്ഷേപകരുടെയും പൊതു നിക്ഷേപ ഫണ്ടിന്റെയും സഹായത്തോടെയായിരിക്കും 50,000 കോടി ഡോളർ സമാഹരിക്കുന്നത്.
ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ http://dicoverneom.com സൈറ്റിൽ ലഭ്യമാണെന്ന് പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് പത്രക്കുറിപ്പ് പറഞ്ഞു. ജർമൻകാരനായ ബിസിനസ്സ് മാനേജ്‌മെന്റ് രംഗത്തെ ആഗോള വ്യക്തിത്വം ക്ലോസ് കെൻഫീൽഡ് ആണ് ‘നിയോങ്കൺ ഫൗട്ടക്ക’ പദ്ധതിയുടെ പ്രസിഡണ്ട്. കിരീടാവകാശി മുഹമ്മദ് സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ച ‘നിയോങ്കൺ ഫൗട്ടക്ക’ പദ്ധതിക്കു സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ റിയാദിൽ ചേർന്ന സൗദി മന്ത്രിസഭാ യോഗം ആശംസകൾ നേർന്നു.