ഒമാനിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു
മസ്കറ്റ്: ഒമാനിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണത്തിലെ ക്രമാതീതമായ വർദ്ധനവ് കണക്കിലെടുത്ത് ജൂലൈ 25 മുതൽ രാജ്യത്തെ എല്ലാ ഗവർണറേറ്റുകളും അടച്ചിടാൻ തീരുമാനിച്ചു. പതിനഞ്ചു ദിവസം അടച്ചിടുവാനാണ് ഒമാൻ സുപ്രിം കമ്മറ്റി നിർദ്ദേശിച്ചിരിക്കുന്നത്.
ലോക്ക്ഡൗൺ കാലയളവിൽ വൈകുന്നേരം 7 മണി മുതൽ രാവിലെ 6 മണി വരെ യാത്രകൾക്കും പൊതു സ്ഥലങ്ങളിൽ ഒത്തു ചേരുന്നതിനും നിരോധനം ഏർപ്പെടുത്തി. വാണിജ്യ സ്ഥാപനങ്ങൾ അടച്ചിടുവാനും സുപ്രിം കമ്മറ്റി നിർദ്ദേശിച്ചിട്ടുണ്ട്. പകൽ സമയത്ത് പൊലീസ് പെട്രോളിംഗ് ശക്തമാക്കുമെന്നും സുപ്രിം കമ്മറ്റി വ്യക്തമാക്കി. വലിയ പെരുന്നാളിനോട് അനുബന്ധിച്ചിട്ടുള്ള എല്ലാ ആഘോഷങ്ങളും കുടുംബ ഒത്തുചേരലുകളും പെരുന്നാൾ നമസ്‌കാരങ്ങളും പരന്പരാഗത പെരുന്നാൾ കന്പോളത്തിന്റെ പ്രവർത്തനങ്ങളും നിർത്തിവെക്കുവാനും ഒമാൻ സുപ്രിം കമ്മറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
ജൂലൈ 25ന് ആരംഭിക്കുന്ന ലോക്ക്ഡൗൺ ആഗസ്റ്റ് എട്ട് വരെ തുടരുമെന്നും സുപ്രീം കമ്മറ്റിയുടെ പ്രസ്താവനയിൽ പറയുന്നു. ഇതിനു മുന്പ് മസ്‌കറ്റ് ഗവർണറേറ്റ് രണ്ടു മാസവും ജലാൻ ബൂ അലിയുടെ കുറച്ചു ഭാഗവും ലോക്ക്ഡൗൺ മൂലം പൂർണമായും അടച്ചിട്ടിരുന്നു. ദോഫാർ ഗവർണറേറ്റിലും മസീറ വിലായത്തിലും നിലവിൽ ലോക്ക്ഡൗൺ തുടരുകയാണ്.


