അഞ്ച് ദിവസം ജാഗ്രതെ; ക്യാർ ചുഴലിക്കാറ്റ് ഒമാന്‍ തീരത്ത് ശക്തി പ്രാപിക്കുന്നു
മസ്കറ്റ്: അറബിക്കടലില്‍ രൂപപ്പെട്ട 'ക്യാർ' ചുഴലിക്കാറ്റ് ഒമാൻ തീരത്ത് നിന്നും 1350 കിലോമീറ്റർ അകലെ എത്തി നിൽക്കുന്നതായി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റിന്‍റെ തീവ്രത കാറ്റഗറി 5 ലേക്ക് ഉയർന്നിട്ടുണ്ട്. അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി രൂപം പ്രാപിച്ചിരിക്കുകയാണ്.
കാറ്റിന് മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർ ഉപരിതല വേഗത ഉള്ളതായി കാലാവസ്ഥ കേന്ദ്രത്തിന്‍റെ അറിയിപ്പിൽ പറയുന്നു. തീവ്ര ചുഴലിക്കാറ്റായി മാറുന്ന 'ക്യാർ' അടുത്ത അഞ്ചു ദിവസത്തിനുള്ളിൽ ഒമാന്റെ തെക്കൻ ഭാഗത്തും തുടർന്ന് യമൻ തീരത്തും ആഞ്ഞടിക്കുവാൻ സാധ്യത ഉണ്ട്.
ഗോനു ചുഴലിക്കാറ്റ് 2007 ൽ ഒമാൻ തീരത്തെ തകർത്തതിനുശേഷം കഴിഞ്ഞ 12 വർഷത്തിനിടെ അറബിക്കടലിലെ ആദ്യത്തെ സൂപ്പർ സൈക്ലോണിക് കൊടുങ്കാറ്റായി 'ക്യാർ' ചുഴലിക്കാറ്റ് മാറി കഴിഞ്ഞതായി ഇന്ത്യൻ മെട്രോളജിക്കൽ വിഭാഗം അറിയിച്ചു . ശനിയാഴ്ച മുതൽ ക്യാർ ചുഴലിക്കാറ്റ് അതിവേഗം രൂക്ഷമാവുകയും ഞായറാഴ്ച പുലർച്ചെ മുതൽ സൂപ്പർ സൈക്ലോണായി മാറുകയും ആയിരുന്നു.
അടുത്ത കാലത്തായി നിരീക്ഷിക്കപ്പെടുന്ന ചുഴലിക്കാറ്റിന്‍റെയും കൊടുങ്കാറ്റിന്‍റെയും തീവ്രത പ്രവചിക്കാനുള്ള പഠനങ്ങൾ ശാസ്ത്രജ്ഞർക്ക് വെല്ലുവിളിയാവുകയാണ്. പ്രവചനം അനുസരിച്ച്, അടുത്ത അഞ്ച് ദിവസങ്ങളിൽ വടക്ക് പടിഞ്ഞാറ് ദിശയായ ഒമാൻ തീരത്തേക്ക് ക്യാർ ചുഴലിക്കാറ്റ് നീങ്ങാൻ സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ തീവ്രമാവുകയും പിന്നീട് ക്രമേണ ദുർബലമാവുകയും ചെയ്യും. എന്നാല്‍ നവംബർ ഒന്നുവരെ ഇതിന്‍റെ തീവ്രത കഠിനമായിരിക്കും.
നിലവിലെ വിലയിരുത്തൽ പ്രകാരം ക്യാര്‍ ഇപ്പോള്‍ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തുനിന്ന് മാറി അറേബ്യൻ കടലിന്‍റെ കിഴക്ക് കേന്ദ്രീകരിച്ചിരിക്കുകയാണ്. മുംബൈയിൽ നിന്ന് 580 കിലോമീറ്റർ - തെക്ക് പടിഞ്ഞാറും (മഹാരാഷ്ട്ര), ഒമാനിലെ സലാലയിൽ നിന്ന് 1450 കിലോമീറ്റർ കിഴക്കും , മസ്സിറയിലെ "റാസ് അൽ മദ്റക്ക" ഇൽ നിന്ന് 1010 കിലോമീറ്റർ തെക്കുകിഴക്കും ഭാഗത്താണ് ക്യാർ ഇപ്പോൾ നിലകൊള്ളുന്നത്.
അധികൃതരുടെ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും, ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പിൽ പറയുന്നു.

