ബലൂണ്‍ കാര്‍ണിവലിന് തുടക്കമായി
സലാല: ഖരീഫ് സഞ്ചാരികള്‍ക്ക് ഇനി ചൂടുവായു നിറച്ച ബലൂണില്‍ കയറി ദോഫാറിെന്‍റ ആകാശ കാഴ്ചകള്‍ ആസ്വദിക്കാം. ഒമാനിലെ ആദ്യ ഹോട്ട് എയര്‍ ബലൂണ്‍ കാര്‍ണിവലിന് സലാലയിലെ സഹല്‍നൂത്ത് മേഖലയില്‍ തുടക്കമായി. സലാല ടൂറിസം ഫെസ്റ്റിവലിന്റെ ഭാഗമായി ആരംഭിച്ച കാര്‍ണിവല്‍ ആഗസ്റ്റ് 25 വരെ തുടരും.
ബലൂണ്‍ കാര്‍ണിവല്‍ നടക്കുന്ന സ്ഥലത്തിന് ചുറ്റും മനോഹരമായ പച്ചപ്പാര്‍ന്ന മലകളാണ് ഉള്ളത്. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ അയ്ന്‍ സഹല്‍നൂത്തും സമീപമാണ്. ഭൂമിയില്‍ നിന്ന് നൂറ് മീറ്റര്‍ വരെ ഉയരത്തില്‍ നിന്ന് ഇൗ സ്ഥലങ്ങളുടെയെല്ലാം മനോഹാരിത ആസ്വദിക്കാനുള്ള അവസരമാണ് ബലൂണ്‍ കാര്‍ണിവലിലൂടെ സഞ്ചാരികള്‍ക്ക് ലഭിക്കുന്നത്. 15 ബലൂണുകളാണ് കാര്‍ണിവല്‍ വേദിയില്‍ ഉള്ളത്. രാവിലെ 10നാണ് കാര്‍ണിവല്‍ നഗരി പ്രവര്‍ത്തനമാരംഭിക്കുക.
ശനിയാഴ്ച രാത്രിയാണ് ബലൂണ്‍ കാര്‍ണിവലിന്റെ ഒൗദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. ദോഫാര്‍ ഗവര്‍ണര്‍ സയ്യിദ് മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ ഹമൂദ് അല്‍ ബുസൈദിയുടെ രക്ഷാകര്‍തൃത്വത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍. സിവില്‍ സര്‍വിസ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഉമര്‍ അല്‍ മര്‍ഹൂന്‍, ദോഫാര്‍ നഗരസഭ ചെയര്‍മാന്‍ സാലിം ബിന്‍ ഒൗഫിത് അല്‍ ഷന്‍ഫരി തുടങ്ങിയ വിശിഷ്ട വ്യക്തികളും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
കാര്‍ണിവല്‍ നഗരിയില്‍ ഇലക്‌ട്രിക്-ഡിജിറ്റല്‍ ഗെയിമുകള്‍, ഫുഡ്കോര്‍ട്ട്, ഹോളോഗ്രാം -വി.ആര്‍ ഷോ, ഒൗട്ട്ഡോര്‍ സിനിമ, റേസ്ട്രാക്ക്, ചില്‍ഡ്രന്‍-ഫാമിലി തിയറ്റര്‍-ലേസര്‍ ഷോ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. സലാല സന്ദര്‍ശിക്കുന്നവര്‍ക്ക് കൂടുതല്‍ വിനോദ ഉപാധികള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് ബലൂണ്‍ കാര്‍ണിവലെന്ന് സലാല ടൂറിസം ഫെസ്റ്റിവല്‍ ചെയര്‍മാന്‍ കൂടിയായ നഗരസഭ മേധാവി ഒൗഫിത്ത് അല്‍ ഷന്‍ഫരി പറഞ്ഞു.സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാകാനും കാര്‍ണിവല്‍ സഹായകരമാകുമെന്നും നഗരസഭ ചെയര്‍മാന്‍ പറഞ്ഞു.

