സമുദ്ര സുരക്ഷയ്ക്ക് ഇന്ത്യ- ഒമാൻ ധാരണ

മസ്കറ്റ് : സമുദ്രസുരക്ഷയ്ക്കും പ്രതിരോധഉപകരണങ്ങൾ സംയുക്തമായി നിർമിക്കാനുമുള്ള തന്ത്രപ്രധാന സഹകരണത്തിനും ഇന്ത്യയും ഒമാനും ധാരണയായി. പ്രതിരോധ രംഗത്ത് സഹകരണം ശക്തമാക്കി സംയുക്ത സൈനിക അഭ്യാസങ്ങൾ നടത്തും. ഇരുരാജ്യങ്ങളിലെയും കര, വ്യോമ, നാവിക സേനകൾ തമ്മിൽ വിവിധ മേഖലകളിൽ കൂടുതൽ സഹകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയിൽ സന്ദർശനം നടത്തുന്ന ഒമാൻ പ്രതിരോധമന്ത്രി സയ്യിദ് ബദർ ബിൻ സൗദ് ഹാരിബ് അൽ ബുസൈദിയും ഇന്ത്യൻ പ്രതിരോധമന്ത്രി നിർമലാ സീതാരാമനും നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണം കൂടുതൽ ശക്തമാക്കാനുള്ള കർമപരിപാടികൾക്കു രൂപം നൽകിയിരിക്കുന്നത്. കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളിലെയുംപ്രതിരോധ മേഖലയിലെ ഉന്നതർ പങ്കെടുത്തു.
പ്രാദേശിക, മേഖലാ തലങ്ങളിലെ വിവിധ വെല്ലുവിളികളും ചർച്ചാവിഷയമായി. ഭീകരതയ്ക്കെതിരെ ഒരുമിച്ചു പോരാടാനും പ്രതിരോധ സാമഗ്രികൾ സംയുക്തമായി നിർമിക്കാനും ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒമാൻ സന്ദർശനവേളയിൽ ധാരണയിലെത്തിയിരുന്നു. കള്ളപ്പണവും മനുഷ്യക്കടത്തും തടയാനുള്ള നടപടികൾ ഊർജിതമാക്കാനും തീരുമാനിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഒമാൻ പ്രതിരോധമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഇന്ത്യ സന്ദർശിച്ചത്. വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് പ്രണാമമേകി ഇന്ത്യാ ഗേറ്റിനു മുന്നിലെ അമർജവാൻ സ്മൃതി മണ്ധപത്തിൽ സയ്യിദ് അൽ ബുസൈദി പുഷ്പചക്രം അർപ്പിച്ചു. മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിൽ സംയുക്തമായി പ്രതിരോധ ഉപകരണങ്ങൾ നിർമിക്കാനും ഇന്ത്യയിൽ നിന്നു പ്രതിരോധ സാമഗ്രികൾ വാങ്ങാനുമുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടുണ്ട്. ഈ മേഖലയിലെ അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തും. ഒമാനിലെ നാഷനൽ ഡിഫൻസ് കോളജും ഇന്ത്യയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനലൈസും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.
2005 മുതൽ ഇരുരാജ്യങ്ങളും തമ്മിൽ സൈനിക സഹകരണത്തിനു ധാരണയുണ്ട്. 2016ൽ കരാർ പുതുക്കി. സമുദ്രസുരക്ഷയ്ക്കായും യോജിച്ചു പ്രവർത്തിക്കുന്നു. കര, വ്യോമ, നാവിക സേനാംഗങ്ങൾക്കു പരിശീലനം, പ്രദർശനമേളകൾ തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ട്. സംയുക്ത സൈനിക സഹകരണ സമിതി ഇടയ്ക്കിടെ എല്ലാവർഷവും യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തുന്നു. കൂടാതെ കള്ളപ്പണം, ലഹരിമരുന്ന്, നോട്ട് കള്ളക്കടത്ത്, മനുഷ്യക്കടത്ത്, നിയമം ലംഘിച്ചുള്ള കുടിയേറ്റം, മറ്റു കുറ്റകൃത്യങ്ങൾ എന്നിവയ്ക്കെതിരെയും യോജിച്ചുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും. നിലവിൽ ഇരു രാജ്യങ്ങളും തമ്മിൽ സഹകരിക്കുന്നുണ്ട്.
സൈബർ മേഖലയിലെ കുറ്റകൃത്യങ്ങളും രാജ്യസുരക്ഷയ്ക്കു വലിയ വെല്ലുവിളിയാണ്. ദേശവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കാനും തന്ത്രപ്രധാന മേഖലകളെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്താനും സൈബർ ശൃംഖല ദുരുപയോഗപ്പെടുത്തുന്നു. ഇതിനെതിരെ സംയുക്തമായി നടപടികൾ സ്വീകരിക്കും. വികസനത്തിനു വഴിയൊരുക്കുന്ന സ്റ്റാർട്ടപ്പ് ഇന്ത്യ, സ്മാർട് ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ, ക്ലീൻ ഇന്ത്യ പദ്ധതികളിലും ഒമാൻ പങ്കാളിയാണ്. കൂടാതെ അറബ് മേഖലയിൽ ഇന്ത്യയുടെ ഏറ്റവും അടുത്ത സൗഹൃദരാജ്യങ്ങളിലൊന്നായ ഒമാനിലെ ദുഖം തുറമുഖം സൈനികാവശ്യത്തിനും ഉപയോഗിക്കാൻ ഇന്ത്യക്ക് അനുമതി നൽകിയിട്ടുണ്ട്. ഇന്ത്യൻ പടക്കപ്പലുകൾക്ക് ഇവിടെ വരാനും അറ്റകുറ്റപ്പണി നടത്താനും കഴിയും. മേഖലയിലെ സമുദ്രസുരക്ഷ ഉറപ്പാക്കാൻ ഇത് ഇന്ത്യക്കു കൂടുതൽ സഹായകമാകും.
മധ്യപൂർവദേശത്ത് ഇന്ത്യയുമായി തന്ത്ര പ്രധാന സൈനിക സഹകരണത്തിന് ആദ്യമായി മുന്നോട്ടുവന്ന രാജ്യമാണ് ഒമാൻ. രാജ്യസുരക്ഷ ഉറപ്പാക്കാനും കടൽക്കൊള്ളക്കാരുടെ ഭീഷണി ചെറുക്കാനും ഒരുമിച്ചു നിൽക്കാനും കര, വ്യോമ, നാവിക വിഭാഗങ്ങൾക്കു സംയുക്ത പരിശീലനം നൽകാനും ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.