ജെയ്‌സൽ ബഹ്റൈനിൽ : ആദരം ഏറ്റുവാങ്ങും

ചെരിപ്പഴിക്കുന്ന സമയം കൊണ്ട് ഒരാളെയെങ്കിലും രക്ഷിക്കാം എന്ന് കരുതിയെന്ന് ജൈസൽ : ജീവിതം മാറ്റിമറിച്ചത് പോലീസിന്റെ വിളിയും സുഹൃത്തെടുത്ത ഫോട്ടോയും
മനാമ : "പല പ്രദേശങ്ങളിലും വെള്ളം കൂടിക്കൂടി വരികയാണ്, രക്ഷാപ്രവർത്തനത്തിന് നിങ്ങളുടെ സഹായം കൂടിയേ തീരു" എന്ന് വേങ്ങര സബ് ഇൻസ്‌പെക്ടറുടെ ഫോൺ വിളിയും പ്രവാസി സുഹൃത്ത് നയിം പോസ്റ്റ് ചെയ്ത ഒരു ചിത്രവുമാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്നു ട്രോമാ കെയർ പ്രവർത്തകനും വെള്ളപ്പൊക്കത്തിന്റെ പിടിയിൽ അമർന്ന നിരവധി സ്ത്രീകൾ അടക്കമുള്ളവർക്ക് രക്ഷപ്പെടാൻ സ്വന്തം മുതുക് ചവിട്ടുപടിയാക്കി ലോകശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്ത ജൈസൽ ഫോർ പി എം ന്യൂസിനോട് പറഞ്ഞു. ബഹ്‌റൈൻ സീറോ മലബാർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകീട്ട് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് സംഘടിപ്പിച്ച സ്വീകരണത്തിൽ പങ്കെടുക്കാനെത്തിയ ജൈസൽ ഫോർ പി എം ന്യൂസ്‌നൈന് നൽകിയ അഭിമുഖത്തിലാണ് തന്റെ ജീവിതം മാറ്റിമറിച്ച സംഭവത്തെ ഓർത്തെടുത്തത്.
ട്രോമാ കെയർ പ്രവർത്തകൻ എന്ന നിലയിൽ മുൻപും പ്രദേശങ്ങളിൽ രോഗികൾ അടക്കമുള്ളവർക്ക് സഹായവുമായി എത്താറുള്ളത് കൊണ്ട് തന്നെ പോലീസിന്റെ വശം ഫോൺ നമ്പർ ഉണ്ടായിരുന്നു. അങ്ങനെയാണ് ദുരിത ബാധിത സ്‌ഥലത്തേയ്‌ക്ക് പാഞ്ഞെത്തിയത്. എന്നാൽ വെള്ളമുയർന്നപ്പോൾ, 17 കുടുംബങ്ങളടങ്ങുന്ന സ്വാഗതമാട് തേർക്കയം പ്രദേശം ദ്വീപ് പോലെയായി. ഏതാനും പേരെ അതിവേഗം മാറ്റേണ്ടി വന്നു. ബോട്ട് അടുപ്പിക്കാൻ പ്രയാസമാണെന്ന് പറഞ്ഞപ്പോൾ അടുക്കുന്ന സ്‌ഥലം വരെ കൊണ്ടുവന്നാൽ പ്രദേശത്തുള്ളവരെ നീന്തിയെങ്കിലും ബോട്ടിനടുത്തെത്തിക്കാമെന്ന് ജൈസൽ ഉറപ്പു കൊടുത്തു. എന്നാൽ അസുഖബാധിതയായ ഷിഗി അടക്കമുള്ള പലർക്കും ഈ ബോട്ടിലേക്ക് കയറാൻ പ്രയാസമായിരുന്നു. പിന്നെ ഒന്നും ആലോചിച്ചില്ല. ജൈസൽ ചവിട്ടു പടിയായി മുതുകു കാട്ടിക്കൊടുത്തു. അതിനിടയിൽ ആരോ ചെരിപ്പെങ്കിലും അഴിച്ചുവെച്ചു ചവിട്ടാൻ വിളിച്ചു പറഞ്ഞപ്പോൾ ചെരിപ്പ് അഴിക്കുന്ന സമയം ഒരാളെയും കൂടി രക്ഷിക്കാമല്ലോ എന്ന് കരുതി ചെരുപ്പഴിക്കേണ്ടെന്ന് പറഞ്ഞത് താൻ തന്നെയാണെന്ന് ജൈസൽ പറഞ്ഞു. എൻഡിആർഎഫിന്റെ ബോട്ടിൽ മൂന്നുതവണയായി 30 പേരെയാണ് രക്ഷിച്ചതെന്നും ജൈസൽ പറഞ്ഞു.
ഇന്ന് രാവിലെയാണ് ബഹ്‌റൈൻ സീറോ മലബാർ ഒരുക്കുന്ന ആദരം ഏറ്റുവാങ്ങാനാണ് ജെയ്‌സൽ ബഹ്റൈനിലെത്തിയത്. രാത്രി 8 മണിക്ക് ബഹ്‌റൈൻ കേരള സമാജത്തിൽ വെച്ച് സിംസ് നടത്തുന്ന സോളിഡാരിറ്റി ഡിന്നറിനോടനുബന്ധിച്ചു നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിലാണ് ജെയ്‌സലിനെ ആദരിക്കുക. ഇതിനു മുൻപ് കുവൈത്തിൽ ഒരു വിസിറ്റിങ് വിസയിൽ പോയിട്ടുണ്ടെന്നല്ലാതെ ഇങ്ങനെ ലോകം അറിയപ്പെട്ടതിനു ശേഷമുള്ള ആദ്യ യാത്ര ബഹ്റൈനിലേയ്ക്കായതിൽ സന്തോഷം ഉണ്ടെന്ന് ജയ്സൽ പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് മുന്നിട്ട് നിന്ന കടലിന്റെ മക്കളെ എല്ലാവരെയും മാതൃകാപരമായി ആദരിക്കണമെന്നു തന്നെയാണ് തങ്ങളുടെ ആഗ്രഹം എന്നും അവർക്കെല്ലാം വേണ്ടി കൂടിയാണ് ജയ്സലിനെ ബഹ്‌റൈനിൽ വിളിച്ചു വരുത്തി ആദരിക്കൽ ചടങ്ങു നടത്തുന്നതെന്നും പരിപാടിയുടെ പ്രധാന സംഘാടകനായ സാനി പോൾ പറഞ്ഞു. ജയ്സലിന് സാമ്പത്തിക സഹായം അടക്കം തങ്ങളാൽ കഴിയുന്ന സഹായം നൽകുമെന്നും സാനി ഫോർ പി എം ന്യൂസിനോട് പറഞ്ഞു.