വാഹനാപകടം : യുപി സ്വദേശിക്ക് മൂന്നുകോടി രൂപ നഷ്ടപരിഹാരം

ദുബൈ : വാഹനാപകടത്തിൽ സാരമായി പരിക്കു പറ്റിയ ഉത്തർപ്രദേശ് സ്വദേശി ഇസ്രാർ ഇഖ്റാമുദ്ധീന് (23) 15 ലക്ഷം ദിർഹം (ഏകദേശം മൂന്നുകോടി രൂപ) നൽകാൻ ദുബൈ കോടതി ഉത്തരവ്. ഉമൽഖ്വയിനിലെ ഫലജ് അൽ മുല്ല എന്ന സ്ഥലത്ത് 2017 മാർച്ച് 29ന് സ്വദേശി ഓടിച്ച കാറിടിച്ചായിരുന്നു അപകടം നടന്നത്. അശ്രദ്ധമായി അതിവേഗത്തിൽ വാഹനം ഓടിച്ചതുകൊണ്ടാണ് അപകടം ഉണ്ടായതെന്ന് ഫെഡറൽ ശിക്ഷാനിയമവും ഫെഡറൽ ട്രാഫിക് നിയമപ്രകാരവും കണ്ടെത്തിയ ഉമ്മൽഖ്വയിൻ ഫെഡറൽ കോടതി പ്രതിയെ കുറ്റവാളിയായി കണ്ടെത്തിയെങ്കിലും ആയിരം ദിർഹം പിഴയടപ്പിച്ച് വിട്ടയയ്ക്കുകയായിരുന്നു.
ഇതോടെ, വാഹനാപകട നഷ്ടപരിഹാരത്തിനായി ഷാർജയിലെ നിയമ സ്ഥാപനത്തിലെ പ്രതിനിധി സലാം പാപ്പിനിശ്ശേരി വഴി ദുബൈ സിവിൽ കോടതിയിൽ അഡ്വ. അലി ഇബ്രാഹിം മുഖേന കേസ് ഫയൽ ചെയ്യുകയായിരുന്നു. അപകടത്തെത്തുടർന്ന് തലയ്ക്കും മുഖത്തും വയറിനും ഗുരുതരമായി പരിക്കേറ്റ പരാതിക്കാരന്റെ ഓർമശക്തിയും സംസാരശേഷിയും നഷ്ടമായതോടൊപ്പം പ്രാഥമികകാര്യങ്ങൾക്കുപോലും പരസഹായം വേണ്ടിയിരുന്നു. സാധാരണ കുടുംബജീവിതം നയിക്കാൻ പറ്റാതെ കിടപ്പിലായതായും വാദിച്ചു.
എന്നാൽ, ഈ വാദങ്ങൾ നിലനിൽക്കുന്നവയല്ലെന്നും പരാതിയിൽ പറയുംപ്രകാരമുള്ള പരിക്കുകൾ പരാതിക്കാരനില്ലെന്നും വാഹന ഇൻഷുറൻസ് പോളിസിപ്രകാരം വാഹനത്തിനുമാത്രമേ ഇൻഷുറൻസ് പരിരക്ഷയുള്ളൂ എന്നും ഇൻഷുറൻസ് കന്പനി വാദിച്ചു. ദുബൈ സിവിൽ കോടതിയുടെ വിധിഅനുസരിച്ച് ഇൻഷുറൻസ് കന്പനിക്ക് നഷ്ടപരിഹാരം കൊടുക്കാൻ ബാധ്യതയില്ലെന്നും നിയന്ത്രണം നഷ്ടപ്പെട്ട വാഹനം വലിയ അപകടം ഒഴിവാക്കാനായി ശ്രമിക്കുന്പോഴാണ് ഈ അപകടമുണ്ടായതെന്നും അവർ വാദിച്ചു. എന്നാൽ, ഇൻഷുറൻസ് കന്പനിയുടെ വാദങ്ങൾ എതിർത്ത പരാതിക്കാരന്റെ അഭിഭാഷകൻ ചികിത്സ സംബന്ധിച്ച രേഖകളും ഹാജരാക്കി. ഇതിനൊപ്പം പരാതിക്കാരന്റെ പരിക്കു കളും പരിഗണിച്ചാണ് കോടതി 15 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.