ഗ്യാൻവാപി മസ്ജിദിൽ പൂജ അനുവദിച്ച ജഡ്ജിയെ ഓംബുഡ്സ്മാനായി നിയമിച്ച് യു.പി സർവകലാശാല
വാരണാസി ഗ്യാൻവാപി മസ്ജിദിൽ ഹിന്ദുക്കൾക്ക് ആരാധന അനുവദിച്ച ജഡ്ജിയെ ഓംബുഡ്സ്മാനായി നിയമിച്ച് യു.പി സർവകലാശാല. വാരണാസി ജില്ലാ ജഡ്ജിയായി സർവിസിൽ നിന്ന് വിരമിച്ച അജയ കൃഷ്ണ വിശ്വേശയെ ആണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചെയർമാനായ സർക്കാർ സർവകലാശാലയിൽ നിയമിച്ചത്. വിരമിക്കുന്ന ദിവസമായ ജനുവരി 31നാണ് വിശ്വേശ, മസ്ജിദിന്റെ താഴത്തെ നില ആരാധനക്കായി ഹിന്ദുക്കൾക്ക് കൈമാറി വിധി പറഞ്ഞത്. ഒരുമാസം തികയുന്നതിന് മുമ്പ് ഫെബ്രുവരി 27നാണ് ലഖ്നോവിലെ സർക്കാർ സർവകലാശാലയായ ‘ഡോ. ശകുന്തള മിശ്ര നാഷണൽ റീഹാബിലിറ്റേഷൻ യൂണിവേഴ്‌സിറ്റി’യിൽ മൂന്ന് വർഷത്തേക്ക് വിശ്വേശയെ ലോക്‌പാലായി (ഓംബുഡ്‌സ്മാൻ) നിയമിച്ചത്. വിദ്യാർഥികളുടെ പരാതികൾ തീർപ്പാക്കലാണ് ചുമതല. ആദ്യമായാണ് ഈ തസ്തികയിൽ നിയമനം നടക്കുന്നത്.
നിയമനവിവരം സർവകലാശാല അസി. രജിസ്ട്രാർ ബ്രിജേന്ദ്ര സിങ് സ്ഥിരീകരിച്ചു. വിദ്യാർഥികളുടെ ഉന്നമനത്തിനായി പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ലോക്പാലിന്റെ ചുമതലയെന്നും അദ്ദേഹം പറഞ്ഞു. യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മീഷൻ (യുജിസി) അടുത്തിടെ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ അനുസരിച്ചാണ് വിശ്വേശയെ നിയമിച്ചതെന്ന് സർവകലാശാല വക്താവ് യശ്വന്ത് വിരോധേ പറഞ്ഞു.
ewewerweqrwe
