ശരദ് പവാർ നയിക്കുന്ന എൻ.സി.പി കോൺഗ്രസിൽ ലയിക്കുമെന്ന അഭ്യൂഹം ശക്തം


ശരദ് പവാർ നയിക്കുന്ന നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) 2024 ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിൽ ലയിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തം. പാർട്ടിയിൽനിന്ന് ഭിന്നിച്ചുപോയ അജിത് പവാർ വിഭാഗത്തെ ഔദ്യോഗിക എൻ.സി.പി ആയി അംഗീകരിച്ച് സുപ്രീം കോടതി ഉത്തരവു പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ശരദ് പവാറും കൂട്ടരും ലയന സാധ്യതകൾ പരിഗണിക്കുന്നതെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എൻ.സി.പി എന്ന പേരും ഔദ്യോഗിക ചിഹ്നവും അജിത് പവാർ വിഭാഗത്തിന് നൽകി സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ലയനം സംബന്ധിച്ച് തിരക്കിട്ട ചർച്ചകൾ ഇരുപാർട്ടികൾക്കുമിടയിൽ നടക്കുന്നതായും റിപ്പോർട്ടുകളിൽ ചൂണ്ടിക്കാട്ടുന്നു. ശരദ് പവാർ തന്റെ പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കുന്നതു സംബന്ധിച്ച് കോൺഗ്രസ് ഹൈക്കമാൻഡിന് അനുകൂല അഭിപ്രായമാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

മഹാരാഷ്ട്രയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള പ്രമുഖ കോൺഗ്രസ് നേതാക്കളുമായി പവാർ നടത്തിയ കൂടിക്കാഴ്ചയെയും ഇതുമായി മാധ്യമങ്ങൾ കൂട്ടിക്കെട്ടുന്നുണ്ട്. എന്നാൽ, ഈ അഭ്യൂഹങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും പാർട്ടി കോൺഗ്രസിൽ ലയിക്കുന്നത് സംബന്ധിച്ച ഒരു ആലോചനയും നടന്നിട്ടില്ലെന്നും വ്യക്തമാക്കി എൻ.സി.പി ശരദ് പവാർ വിഭാഗം നേതാക്കൾ വാർത്താക്കുറിപ്പിറക്കി. ശരദ് പവാറിന്റെ മകളും പാർട്ടി വർക്കിങ് പ്രസിഡന്റുമായ സുപ്രിയ സുലെ എം.പി, ഡോ. അമോൽ കോലെ എം.പി, മുൻ ആഭ്യന്തര മന്ത്രിയും എം.എൽ.എയുമായ അനിൽ ദേശ്മുഖ്, മുൻ മന്ത്രി ശശികാന്ത് ഷിൻഡെ, പുണെ യൂനിറ്റ് പ്രസിഡന്റ് പ്രശാന്ത് ജഗ്തപ് എന്നിവരാണ് നിഷേധക്കുറിപ്പ് ഇറക്കിയത്.

പുണെയിൽ ശരദ് പവാറിന്റെ അധ്യക്ഷതയിൽ പാർട്ടി നേതാക്കളുടെ യോഗം കഴിഞ്ഞ ദിവസം ചേർന്നിരുന്നു. യോഗത്തിൽ അത്തരമൊരു ചർച്ചയും നടന്നിട്ടില്ല. അടിസ്ഥാന രഹിതമായ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുത്. ഊഹാപോഹങ്ങൾ പടച്ചുവിടുന്നതിനുമുമ്പ് വിശ്വാസ്യത ഉറപ്പുവരുത്തണം. യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്ത വാർത്തയാണിത്’ -സുപ്രിയയും മറ്റു നേതാക്കളും വിശദീകരിച്ചു. 

article-image

bdfgdfgdfgdfs

You might also like

Most Viewed