ടിആർഎസ് എംഎൽമാരെ കൂറുമാറ്റാൻ ശ്രമിച്ചു; ബിജെപി നേതാവ് ബിഎൽ സന്തോഷിന് സമൻസ്

ടിആർഎസ് എംഎൽഎമാരെ പണം നൽകി പാർട്ടിയിലെത്തിക്കാൻ ശ്രമിച്ചെന്ന കേസിൽ മുതിർന്ന ബിജെപി നേതാവ് ബി എൽ സന്തോഷിന് സമൻസ്. കേസ് അന്വേഷിക്കുന്ന പ്രത്യക അന്വേഷണ സംഘത്തിന് മുന്നിൽ നവംബർ 21ന് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് നിർദ്ദേശം. ബിജെപിയുടെ സംഘടനാകാര്യ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയാണ് ബി എൽ സന്തോഷ്.ടിആർഎസിൽ നിന്ന് എംഎൽഎമാരെ കൂറുമാറ്റാന്‍ 100 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ ആരോപണം. വീഡിയോ സഹിതം കാണിച്ച് കൊണ്ട് റാവു വാർത്താസമ്മേളനം നടത്തിയിരുന്നു. എന്നാൽ റാവുവിന്റെ ആരോപണം നിഷേധിച്ചുകൊണ്ട് ബിജെപി രംഗത്തുവന്നു.
കേസിൽ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ വീട്ടിൽ കഴിഞ്ഞ ബുധനാഴ്ച്ച തെലങ്കാന പൊലീസ് എത്തിയിരുന്നു. നൽഗൊണ്ട എസ്പി രമാ മഹേശ്വരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കണിച്ചു കുളങ്ങരയിലെ വീട്ടിലെത്തിയത്. ഈ മാസം 21 ന് ഹൈദരാബാദിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാന്‍ നോട്ടീസ് നൽകി. തുഷാറിന്റെ അസാന്നിധ്യത്തിൽ ഓഫീസ് സെക്രട്ടറിയാണ് നോട്ടീസ് കൈപ്പറ്റിയത്.തെലങ്കാനയിലെ ‘ഓപ്പറേഷൻ താമര’ വിവാദത്തിൽ ബിഡിജെഎസ് അദ്ധ്യക്ഷൻ തുഷാർ വെളളാപ്പള്ളിക്കെതിരെ കൂടുതൽ തെളിവുകൾ ടിആർഎസ് പുറത്തുവിട്ടിരുന്നു. തുഷാർ വെള്ളാപ്പളളി ഏജന്റുമാർ വഴി ടിആർഎസ് എംഎൽഎമാരുമായി സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവിട്ടത്. രണ്ടു ദിവസത്തിനുളളിൽ ഡീൽ ഉറപ്പിക്കാമെന്നാണ് ശബ്ദരേഖയിൽ പറയുന്നത്. ടിആർഎസ് എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്താമെന്നും തുഷാറിന്റെതെന്ന ശബ്ദരേഖയിൽ പറയുന്നുണ്ട്.
futgyi