ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് സിബിഐ; എന്തിനീ നാടകമെന്ന് സിസോദിയ

ഡൽഹി സർക്കാരിന്‍റെ മദ്യനയവുമായി ബന്ധപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കും മറ്റ് 12 പ്രതികൾക്കുമെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് സിബിഐ. പ്രതികൾ വിദേശത്തേക്ക് കടക്കുന്നതും സിബിഐ തടഞ്ഞു. കേസിൽ സിസോദിയ ഒന്നാം പ്രതിയാണ്.മലയാളികളായ വിജയ് നായരും അരുണ്‍ രാമചന്ദ്ര പിള്ളയും ഉൾപ്പെടെ 15 പേർക്കെതിരെയാണ് സിബിഐ കേസെടുത്തിരിക്കുന്നത്. മുംബൈ മലയാളി വിജയ് നായർ അഞ്ചാം പ്രതിയും തെലുങ്കാനയിൽ സ്ഥിര താമസമാക്കിയ അരുണ്‍ രാമചന്ദ്ര പിള്ള 14-ാം പ്രതിയുമാണ്. അഴിമതി, ക്രിമിനൽ ഗൂഢാലോചന, അക്കൗണ്ടുകളിൽ കൃത്രിമം നടത്തി എന്നീ കുറ്റങ്ങൾ ആരോപിച്ചാണ് കേസ് എടുത്തിരിക്കുന്നത്.
എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും മദ്യക്കമ്പനികളും ഇടനിലക്കാരും സജീവമായി പങ്കെടുത്തതായി അന്വേഷണ ഏജൻസി ആരോപിക്കുന്നു. എക്സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മനീഷ് സിസോദിയയുടെ വസതിയിലും മറ്റ് 31 സ്ഥലങ്ങളിലും വെള്ളിയാഴ്ച സിബിഐ റെയ്ഡ് നടത്തിയിരുന്നു.കഴിഞ്ഞ വർഷം നവംബറിലാണ് ഡൽഹി സർക്കാരിന്‍റെ പുതിയ മദ്യനയം പ്രാബല്യത്തിൽ വന്നത്.
സിബിഐ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആഞ്ഞടിച്ചു. എന്തിനാണ് ഈ നാടകമെന്ന് അദ്ദേഹം ചോദിച്ചു.
നിങ്ങളുടെ എല്ലാ റെയ്ഡുകളും പരാജയപ്പെട്ടു, ഒന്നും കണ്ടെത്താനായില്ല. ഇപ്പോൾ മനീഷ് സിസോദിയ കണ്ടുകിട്ടാനില്ലെന്ന് കാട്ടി നിങ്ങൾ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. എന്തിനാണ് മോദി ജി ഈ നാടകം? ഡൽഹിയിൽ ഞാൻ സ്വതന്ത്രമായി കറങ്ങുകയാണ്, എവിടേക്ക് വരണമെന്ന് പറയൂ?- സിസോദിയ ട്വീറ്റ് ചെയ്തു.