കണ്ണൂര്‍ വിസി ക്രിമിനലാണെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍

കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ഗോപിനാഥ് രവീന്ദ്രനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ കായികമായി നേരിടാന്‍ ഒത്താശ ചെയ്തെന്നും ഡല്‍ഹിയില്‍ വെച്ച് ഗൂഢാലോചന നടന്നെന്നുമാണ് ആരോപണം. മാന്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിച്ച കണ്ണൂര്‍ വിസി ക്രിമിനലാണെന്നും ഗവര്‍ണര്‍ ആരോപിച്ചു.'കണ്ണൂര്‍ സര്‍വ്വകലാശാലയെ വിസി നശിപ്പിച്ചു. പാര്‍ട്ടി കേഡറെപോലെയാണ് വിസി പെരുമാറുന്നത്. ഈ കാരണങ്ങളാലാണ് പരസ്യമായി വിമര്‍ശിക്കാന്‍ നിര്‍ബന്ധിതനായത്. വിസിക്കെതിരെ നടപടിയെടുക്കാന്‍ തനിക്ക് അധികാരമുണ്ട്. നടപടികള്‍ ആരംഭിച്ചു. രാജ്ഭവന്‍ അംഗീകരിച്ച പരിപാടികളില്‍ മാറ്റം വരുത്തി' ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, തനിക്കെതിരെയുള്ള വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് ഗവര്‍ണര്‍ ആവർത്തിച്ചു. എല്ലാ നടപടിയും നിയമാനുസൃതമായിരിക്കും. തന്റെ ഈഗോ തൃപ്തിപെടുത്താനല്ല നടപടിയെടുക്കുകയെന്നും അദ്ദേഹം കൂട്ടിചേർത്തു. സര്‍വ്വകലാശാലകളുടെ സുതാര്യത ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക് പട്ടിക ഗവര്‍ണര്‍ മരവിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് കണ്ണൂര്‍ വിസി രംഗത്ത് വന്നത്. സിന്റിക്കേറ്റ് തീരുമാനം റദ്ദാക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.