പാർവശ്വവത്കരിക്കപെട്ടവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്ന് രാഷ്ട്രപതി

പാർവശ്വവത്കരിക്കപെട്ടവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുത്ത രാഷ്ട്രപതി ദ്രൗപതി മുർമു. രാജ്യത്തെ ഏറ്റവും ഉയർന്ന പദവിയിലെത്താൻ താണ്ടിയ വഴികളാണ് ദ്രൗപതി തന്‍റെ 20 മിനിറ്റു നീണ്ട പ്രസംഗത്തിൽ വരച്ച് കാട്ടിയത്. ഒഡീഷയിലെ ഒരു ചെറിയ ഗ്രാമത്തിൽനിന്നാണ് തന്‍റെ യാത്ര ആരംഭിച്ചത്. അടിസ്ഥാനവിദ്യാഭ്യാസം ലഭിക്കുക എന്നതുപോലും തനിക്ക് ഒരു സ്വപ്നം മാത്രമായിരുന്നു. സ്വപ്‌നം കാണാനും, ആ സ്വപ്‌നത്തെ യാത്ഥാർഥ്യമാക്കാനും രാജ്യത്തെ പാവപ്പെട്ടവർക്കും കഴിയുമെന്നതിന്‍റെ തെളിവാണ് തന്‍റെ രാഷ്ട്രപതി സ്ഥാനമെന്ന് ദ്രൗപതി പറഞ്ഞു. ഗോത്രവിഭാഗത്തിൽപെട്ട പാവപ്പെട്ട കുടുംബത്തിൽ ജനിച്ചവൾക്ക് ഉന്നതപദവിയിലെത്താൻ കഴിയുന്നത് ജനാധിപത്യത്തിന്‍റെ വിജയമാണ്.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുള്ളവർക്കും ഒരേപോലെ കരുത്തുപകരുന്ന വാക്കുകളാണ് രാഷ്ട്രപതിയുടെ പ്രസംഗത്തിലുടനീളം നിറഞ്ഞുനിന്നത്. സ്വന്തം ഭാവിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ രാജ്യത്തിന്‍റെ ഭാവിയുടെ അടിത്തറ പാകണമെന്ന് രാഷ്ട്രപതി യുവജനങ്ങളെ അഭിസംബോധന ചെയ്തു പറഞ്ഞു. രാഷ്ട്രപതി എന്ന നിലയിൽ യുവജനങ്ങളോടൊപ്പം ഉണ്ടാകും. സ്ത്രീകളുടെ അവകാശസംരക്ഷണത്തിനാണ് പ്രഥമ പരിഗണന നൽകുകയെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.