മധ്യപ്രദേശിലെ ധാർ ജില്ലയിൽ പാലത്തിൽ നിന്ന് ബസ് നദിയിലേക്ക് മറിഞ്ഞ് 13 മരണം

മധ്യപ്രദേശിലെ ധാർ ജില്ലയിൽ പാലത്തിൽ നിന്ന് ബസ് നദിയിലേക്ക് മറിഞ്ഞ് 13 പേർ മരിച്ചു. 12 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. 15 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പതോളം ആളുകൾ ഉണ്ടായിരുന്ന ബസിലെ മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. ഇൻഡോറിൽ നിന്ന് പുനെയിലേക്ക് വരികയായിരുന്ന മഹാരാഷ്ട ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ ബസാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട ബസ് ഖൽഗാട്ടിലുള്ള പാലത്തിന്‍റെ കൈവരി തകർത്ത് നർമദ നദിയിൽ പതിക്കുകയായിരുന്നു. 100 അടിയോളം താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.
സംസ്ഥാന ദുരന്ത നിവാരണ സേനയും നാട്ടുകാരും ചേർന്നാണ് പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്. അപകടത്തിൽപെട്ട ബസ് നദിയിൽ നിന്ന് പുറത്തെടുത്തു.