ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് പുഷ്‌കർ സിംഗ് ധാമി


ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് പുഷ്‌കർ സിംഗ് ധാമി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഡെറാഡൂണിലെ പരേഡ് ഗ്രൗണ്ടിലായിരുന്നു സത്യപ്രതിജ്ഞ.

പുഷ്‌കർ സിംഗ് ധാമി മന്ത്രിസഭയിലെ എട്ട് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്പാൽ മഹാരാജ്, സുബോദ് ഉനിയൽ, ധൻ സിംഗ് റാവത്ത്, രേഖാ ആര്യ, ഗണേഷ് ജോഷി, ചന്ദൻ റാം ദാസ്, സൗരഭ് ബഹുഗുൺ, പ്രേംചന്ദ് അഗർവാൾ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. 

ഇതിൽ എട്ട് പേർ തുടർച്ചയായ രണ്ടാം തവണയാണ് മന്ത്രിമാരാകുന്നത്. പ്രധാനമന്ത്രിയ്‌ക്കും കേന്ദ്രമന്ത്രിമാർക്കും പുറമേ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗോവ നിയുക്ത മുഖ്യമന്ത്രി പ്രമോദ് സാവന്ത്, മുതിർന്ന ബിജെപി വനിതാ നേതാവ് മീനാക്ഷി ലേഖി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഇത് രണ്ടാം തവണയാണ് ധാമി ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഖാട്ടിമ നിയോജക മണ്ഡലത്തിൽ നിന്നും ധാമി തോറ്റിരുന്നു. എന്നാൽ പാർട്ടിയുടെ വിജയത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചാണ് വീണ്ടും മുഖ്യമന്ത്രി സ്ഥാനം നൽകുന്നത്. തപ്‌കേശ്വർ മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം സത്യപ്രതിജ്ഞയ്‌ക്ക് എത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed